ഗുസ്തിയിലെ ഏക ആൺതരി, പ്രായം 21: ഗോദയിൽ തല ഉയർത്തി അമൻ സെഹ്റാവത്ത്; വെങ്കലം




പാരിസ് : ഒളിംപിക്സ് പുരുഷ വിഭാഗം 57 കിലോ ഗ്രാം ഗുസ്തിയിൽ ഇന്ത്യൻ താരം അമൻ സെഹ്റാവത്തിന് വെങ്കലം. വെങ്കല പോരാട്ടത്തിൽ പോർട്ടറിക്കോയുടെ ഡാരിയൻ ക്രൂസിനെ കീഴടക്കിയാണ് അമൻ ഇന്ത്യയ്ക്ക് ആറാം മെഡൽ സമ്മാനിച്ചത്. ആദ്യ നീക്കങ്ങളിൽ പോർട്ടറിക്കോ താരം മുന്നിലെത്തിയെങ്കിലും അമൻ ശക്തമായി തിരിച്ചുവരികയായിരുന്നു. 13-5നായിരുന്നു 21കാരന്റെ വിജയം.

പാരിസിൽ ഇന്ത്യൻ ഗുസ്തി സംഘത്തിലെ ഏക പുരുഷ താരമായിരുന്നു അമൻ. ഇതോടെ ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ ഒളിംപിക്സ് മെഡൽ ജേതാവാണ് അമൻ. ജൂലൈ 16 നാണ് അമന് 21 വയസ് പൂർത്തിയായത്. പി.വി. സിന്ധുവിനെ മറികടന്നാണ് അമൻ ഈ നേട്ടം കൈവരിച്ചത്.

ഹരിയാന സ്വദേശിയായ അമൻ പ്രീക്വാർട്ടറിലും ക്വാർട്ടറിലും മിന്നും വിജയമാണ് നേടിയത്. ക്വാർട്ടറിൽ ഉത്തര മാസിഡോണിയയുടെ വ്ലാദിമിർ എഗോറോവിനെ 10–0ന് തോൽപ്പിച്ചാണ് അമൻ സെമിയിലേക്ക് മുന്നേറിയത്. എന്നാൽ സെമി ഫൈനലിൽ ലോക ഒന്നാം നമ്പർ താരവും ലോക ചാംപ്യനുമായ ജപ്പാന്റെ ഹിഗൂച്ചിയോട് തോൽവി വഴങ്ങുകയായിരുന്നു.
أحدث أقدم