കെ.എസ്.ആർ.ടി.സി. ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 25 പേർക്ക് പരിക്കേറ്റു…


വെള്ളറട: മലയോര ഹൈവേയിൽ വെള്ളറട-കാരമൂട് വളവിൽ കെ.എസ്.ആർ.ടി.സി. ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 25 പേർക്ക് പരിക്കേറ്റു. ബസിലുണ്ടായിരുന്ന വിദ്യാർഥികൾ ഉൾപ്പെടെയുള്ള 23 പേർക്കും കാറിലുണ്ടായിരുന്ന രണ്ടുപേർക്കുമാണ് പരിക്കേറ്റത്.

കൈകൾക്കും കാലിനും തലയിലുമാണ് മിക്കവർക്കും പരിക്കേറ്റത്. കാറോടിച്ചിരുന്ന ആനപ്പാറ മാവുവിള സ്വദേശി ശരത് (24), കൂടെയുണ്ടായിരുന്ന മുങ്ങോട് സ്വദേശി മിഥുൻ (24) എന്നിവർക്കും പരിക്കേറ്റിട്ടുണ്ട്. കാറിലെ എയർബാഗ് സംവിധാനം പ്രവർത്തിച്ചതിനാൽ കാറിലുണ്ടായിരുന്നവർ വൻ അപകടത്തിൽനിന്നു രക്ഷപ്പെടുകയായിരുന്നു.കളിയിക്കാവിള-നെടുമങ്ങാട് റൂട്ടിൽ സർവീസ് നടത്തുന്ന ബസും എതിരേവന്ന കാറുമാണ് കാരമൂട് വളവിൽവെച്ച് അപകടത്തിൽപ്പെട്ടത്. സ്കൂൾ സമയം കഴിഞ്ഞതിനാൽ ബസിൽ നല്ല തിരക്കുണ്ടായിരുന്നു.

നെടുമങ്ങാടിലേക്കു പോവുകയായിരുന്ന ബസ് കാരമൂട് വളവിലെത്തിയപ്പോൾ എതിരേവന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. കാറിടിച്ചതിനെത്തുടർന്ന് ബസ് പെട്ടെന്ന് നിർത്തുന്നതിനിടയിലാണ് സീറ്റുകളിൽ ഇരുന്നും നിന്നും യാത്ര ചെയ്തിരുന്ന യാത്രികർക്ക് മുൻസീറ്റുകളിലും കമ്പിയിലുമിടിച്ച്‌ പരിക്കേറ്റത്.

അപകടത്തിൽ കാറിന്റെ മുൻവശം പൂർണമായും തകർന്നു. വെള്ളറട പോലീസും നാട്ടുകാരുമെത്തി വിവിധ ആംബുലൻസുകളിലായി പരിക്കേറ്റവരിൽ ചിലരെ കാരക്കോണത്തും പാറശ്ശാല, നെയ്യാറ്റിൻകര ആശുപത്രികളിലും വെള്ളറട സാമൂഹികാരോഗ്യ കേന്ദ്രത്തിലുമായി പ്രവേശിപ്പിച്ചു.
പിന്നീട് ക്രെയിൻ ഉപയോഗിച്ചാണ് അപകടസ്ഥലത്തുനിന്ന് കാർ നീക്കംചെയ്തത്. പാറശ്ശാലയിൽനിന്ന് അഗ്നിരക്ഷാസേനയുമെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.


أحدث أقدم