കൊച്ചി: അങ്കമാലിയിൽ വാഹന പരിശോധനയ്ക്കിടയിൽ പോലീസുകാരനെ ഇടിച്ചു തെറിപ്പിച്ച് കടന്നു കളഞ്ഞ കേസിൽ മൂന്നു പേർ കൂടി പോലീസ് പിടിയിൽ. തൊടുപുഴ കലയന്താനി ആനക്കല്ലുങ്കൽ വീട്ടിൽ അരുൺ സിബി (24), ഇയാളെ രക്ഷപ്പെടാനും, ഒളിവിൽ കഴിയാനും സഹായിച്ച കോടികുളം കാറ്റു പാടത്ത് അമൽ (24), കലയന്താനി ഇലവും ചുവട്ടിൽ ജോഫിൻ ജോൺ (25) എന്നിവരെയാണ് അങ്കമാലി പോലീസ് അറസ്റ്റ് ചെയ്തത്.
സംഭവവുമായി ബന്ധപ്പെട്ട് തൊടുപുഴ കാരിക്കോട് കിഴക്കൻ പറമ്പിൽ അജ്മൽ സുബൈർ (29), ചൂരവേലിൽ റിൻഷാദ് (30) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ടി.ബി ജംഗ്ഷനിൽ വാഹന പരിശോധന നടത്തുകയായിരുന്ന പോലീസിനെ ഇടിച്ചു തെറിപ്പിച്ചാണ് നമ്പർ പ്ലേറ്റില്ലാത്ത കാർ കടന്നു കളഞ്ഞത്. റിൻഷാദ്, അജ്മൽ സുബൈർ, അരുൺ സിബി എന്നിവരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. പോലീസ് പിന്തുടർന്ന് ഒരാളെ കാരമറ്റത്തു നിന്നും രണ്ടാമനെ ഒക്കലിൽ നിന്നും പിടി കൂടി. അരുൺ സിബി രക്ഷപ്പെട്ടു .