നിരോധിത പുകയില വിൽപ്പന പിടിക്കാൻ എത്തിയ പോലീസ്, പലചരക്കുകടയിൽ നിന്നു പിടിച്ചെടുത്തത് 7.19 ലക്ഷം രൂപ, 58 ഇരുചക്രവാഹനങ്ങൾ, 4 കാർ, 5 ഓട്ടോറിക്ഷ, നിരവധി സ്വർണ്ണാഭരണങ്ങളും




പാലക്കാട്‌  : ലഹരിവിൽപന പിടികൂടാനെത്തിയ പൊലീസ് സംഘം പലചരക്കുകടയിൽ നിന്നു കണ്ടെത്തിയതു ചാക്കുകളിലും മറ്റും ഒളിപ്പിച്ച നോട്ടുകെട്ടുകളും സ്വർണാഭരണങ്ങളും. ഇവ അനധികൃതമായി പലിശയ്ക്കു പണം നൽകുന്നതിന്റെ ഭാഗമാണെന്നു കണ്ടെത്തിയതോടെ യുവാവിനെ അറസ്റ്റ് ചെയ്തു. സ്ഥാപനത്തിലും വീട്ടിലും പൊലീസ് നടത്തിയ പരിശോധനയിൽ പലിശ ഇടപാടിന്റെ ഭാഗമായ 7.19 ലക്ഷം രൂപ, രണ്ടു മുദ്രപ്പത്രങ്ങൾ, 58 ഇരുചക്രവാഹനങ്ങൾ, 4 കാർ, 5 ഓട്ടോറിക്ഷ, 70 കവറുകളിലായി സൂക്ഷിച്ച സ്വർണാഭരണങ്ങൾ, 28 മൊബൈൽ ഫോണുകൾ, ലാപ്ടോപ് എന്നിവ കണ്ടെത്തി.
പെരുമാട്ടി ആറ്റാഞ്ചേരി പെരുമേട് ആർകെ നിവാസിൽ ആർ.ഷാജിയെയാണ് (38) മീനാക്ഷിപുരം പൊലീസ് അറസ്റ്റ് ചെയ്തത്.  ഇയാളുടെ വീടിനോടു ചേർന്നുള്ള ഷെഡിൽ നടത്തിയ പരിശോധനയിൽ മൂന്നു ചാക്ക് നിരോധിത പുകയില ഉൽപന്നങ്ങളും പിടികൂടി. ഈ കേസിൽ ഷാജിയുടെ സഹോദരൻ ആർ.ശിവദാസിനെ (40) പൊലീസ് അറസ്റ്റ് ചെയ്തു.ഷാജിയുടെ വീടിനോടു ചേർന്നുള്ള പലചരക്കു കടയിൽ നിരോധിത പുകയില ഉൽപന്നങ്ങൾ വിൽക്കുന്നു എന്ന രഹസ്യവിവരത്തെ തുടർന്ന് ഇന്നലെ രാവിലെയാണു പാലക്കാട് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് പരിശോധനയ്ക്ക് എത്തിയത്.
പരിശോധിക്കുന്നതിനിടെ കടയിലെ സാധനങ്ങൾക്കിടയിലും ചാക്കുകൾക്കടിയിലും നോട്ടുകെട്ടുകളും സ്വർണാഭരണങ്ങളും കണ്ടെത്തുകയായിരുന്നു. ചിറ്റൂർ ഡിവൈഎസ്പി കൃഷ്ണദാസ്, മീനാക്ഷിപുരം ഇൻസ്പെക്ടർ എം.ശശിധരൻ, കൊല്ലങ്കോട് എസ്ഐ സുജിത്ത്, ചിറ്റൂർ എസ്ഐ ഷിജു എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തി കടയും വീടും ഉൾപ്പെടെ വിശദമായി പരിശോധിച്ചപ്പോഴാണു പണവും വാഹനങ്ങളും ലഹരിവസ്തുക്കളും കണ്ടെത്തിയത്. പ്രതിക്കെതിരെ ഒട്ടേറെ പേർ പരാതിയുമായി എത്തിയിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു. 6 മാസം മുൻപും ഇതേ ഷെഡിൽ നിന്നു നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടിയിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു.


أحدث أقدم