73 കാരിയായ ഹരിത കർമ്മ സേനാംഗം +2 പരീക്ഷ എഴുതാൻ ഒരുങ്ങുന്നു




ചെങ്ങന്നൂര്‍ : വരുന്ന പ്ലസ് ടു പരീക്ഷ എഴുതാൻ ഒരുങ്ങുകയാണ് 73 കാരിയായ പൊന്നമ്മ .
 ചെങ്ങന്നൂര്‍ നഗരസഭയുടെ ഹരിതകര്‍മ്മ സേനാംഗമായ മുണ്ടന്‍കാവ് കൊട്ടാരത്തില്‍ ദേവരാജന്റെ ഭാര്യ വി.ഡി.പൊന്നമ്മ  പ്ലസ് ടു പരീക്ഷയില്‍ മികച്ച വിജയം നേടുമെന്ന് എല്ലാവര്‍ക്കും ഉറപ്പാണ്. പ്രായത്തെ മറികടന്ന് ഹരിത കര്‍മ്മ സേനയില്‍ സജീവമായി ജോലി ചെയ്യുന്ന പൊന്നമ്മയ്ക്ക് എസ്.എസ്.എല്‍. സി,  പ്ലസ് ടു പരീക്ഷകള്‍ എഴുതണമെന്നാരാഗ്രഹം നഗരസഭയിലെ വികസന വിദ്യാ കേന്ദ്രത്തിന്റെ ചുമതലയുള്ള ആശാ റാണിയോട് പൊന്നമ്മ ഈ വിവരം അറിയിക്കുകയായിരുന്നു. ചെറുപ്രായത്തില്‍ 10-ാം ക്ലാസ്സ് പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്നതിന്റെ നിരാശ മാറാനാണ് അവസരം കിട്ടിയപ്പോള്‍ പഠനം തുടരാം എന്നു കരുതിയത്. ഭര്‍ത്താവ് കര്‍ഷകനായ ദേവരാജനും മക്കളായ സുധീഷ്,സുമ, സുമേഷ് എന്നിവരും ഹരിത കര്‍മ്മ സേനാംഗങ്ങളും കുടുംബശ്രീ പ്രവര്‍ത്തകരും നഗരസഭാ ജീവനക്കാരും കൗണ്‍സിലര്‍മാരും ഇതിന് പിന്തുണയുമായി  ഒപ്പം നിന്നു. പിന്നെ വൈകിയില്ല ആദ്യം പഠിച്ച് 2023 സെപ്റ്റംബറിലെ എസ്.എസ്.എല്‍. സി പരീക്ഷയെഴുതി 80 ശതമാനത്തിലധികം മാര്‍ക്കോടെ പൊന്നമ്മ ചേച്ചി വിജയിയായി.ഇതോടെ ആത്മവിശ്വാസം വര്‍ദ്ധിച്ച  ചേച്ചി  ഹ്യൂമാനിറ്റീസ് ഗ്രൂപ്പ് എടുത്ത് പ്ലസ് വണ്‍ പഠനം ആരംഭിച്ചു. കഴിഞ്ഞ 2024 ജൂലൈയിലെ പ്ലസ് വണ്‍  പരീക്ഷയില്‍  60 ശതമാനത്തിലേറെ മാര്‍ക്കോടെയാണ് ഉന്നത വിജയം നേടിയത്. ഹരിത കര്‍മ്മസേന എന്ന നിലയില്‍ ജോലിക്കിടയില്‍ ആഴ്ചയില്‍ ഒരിക്കല്‍ ഞായറാഴ്ച മാത്രം നടക്കുന്ന ക്ലാസ്സില്‍ പോലും പോകാന്‍ കഴിയാറില്ല. ജോലിയില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യാതെ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ഒന്നും നഷ്ടമാക്കാതെ പഠിച്ചാണ് പൊന്നമ്മയുടെ തകര്‍പ്പന്‍ വിജയം. . ഇനിയും മാര്‍ച്ചില്‍ നടക്കുന്ന പ്ലസ് ടു പരീക്ഷയില്‍ മുന്‍  കാലങ്ങളിലെ വിജയം വിലയിരുത്തുമ്പോള്‍ പൊന്നമ്മ ചേച്ചിക്ക് ഉന്നത വിജയം എല്ലാവരും ഒരേ സ്വരത്തില്‍ പ്രവചിക്കുന്നു. ഇതിന്റെ പിന്നിലും കാരണങ്ങളുണ്ട്. പരീക്ഷാ സെന്ററുകളില്‍ സൂപ്പര്‍വൈസര്‍മാരുടെ ചുമതല വഹിക്കുന്ന അധ്യാപകര്‍ ഇതേ പ്രായത്തിലും പൊന്നമ്മ ചേച്ചിയുടെ വടിവൊത്ത കയ്യക്ഷരം കണ്ടു അത്ഭുതപ്പെട്ടിട്ടുണ്ട്. ഇതുകൊണ്ടും കഴിയുന്നില്ല പരീക്ഷയെഴുതുമ്പോള്‍ ഭാഷയിലെ നൈപുണ്യവും  ഏറെ പ്രശംസനീയമാണ് . പ്രായാധിക്യത്തിലും ഹരിത കര്‍മ്മ സേനാംഗം എന്ന നിലയില്‍ മികച്ച പ്രവര്‍ത്തനമാണ് പൊന്നമ്മ കാഴ്ചവെയ്ക്കുന്നതെന്ന് ഹരിത കര്‍മ്മസേനയുടെ ചുമതല വഹിക്കുന്ന സീനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി.നിഷ പറയുന്നു. എസ്. എസ്.എല്‍. സി., പ്ലസ് വണ്‍ പരീക്ഷയില്‍ മികച്ച വിജയം നേടിയ പൊന്നമ്മയെ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ശോഭ വര്‍ഗ്ഗീസ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ  റിജോ ജോണ്‍ ജോര്‍ജ്, റ്റി.കുമാരി, അശോക് പടിപ്പുരയ്ക്കല്‍, ശ്രീദേവി ബാലകൃഷ്ണന്‍, സെക്രട്ടറി എം.എസ്. ശ്രീരാഗ് എന്നിവരുടെ നേതൃത്വത്തില്‍ പൊന്നാട അണിയിച്ച് ആദരിച്ചിരുന്നു. പൊതു പ്രവര്‍ത്തന രംഗത്ത് സജീവമായ പൊന്നമ്മ സി.പി.ഐ.(എം) മുന്‍ ലോക്കല്‍ കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ മുന്‍ ഏരിയാ കമ്മിറ്റി അംഗംവും നിലവില്‍ സീഡ് സൊസൈറ്റി സെക്രട്ടറിയുമാണ്.



أحدث أقدم