റിയാദ്: മലയാളിയെ കൊന്ന കേസില്‍ സഊദിയില്‍ അഞ്ച് പേരുടെ വധശിക്ഷ നടപ്പാക്കി. ഒരു മലയാളിയുടെയും, നാല് സൗദി പൗരന്‍മാരുടെയും ശിക്ഷയാണ് നടപ്പാക്കിയത്. കോഴിക്കോട് കൊടുവള്ളി സ്വദേശി സമീര്‍ കൊല്ലപ്പെട്ട കേസിലാണ് വിധി. തൃശൂര്‍ ഏറിയാട് സ്വദേശി നൈസാം സാദിഖാണ് വധശിക്ഷക്ക് വിധേയനായ മലയാളി. 2016ലാണ് കേസിനാസ്പദമായ സംഭവം.
കൊടുവള്ളി മുക്കിലങ്ങാടി സ്വദേശി കൂടത്തിങ്ങല്‍ സമീറിനെ കൊന്ന് ബ്ലാങ്കറ്റിലാക്കി ഉപേക്ഷിച്ചെന്നാണ് കേസ്. സമീര്‍ പണമിടപാട് നടത്തുന്ന ആളാണെന്ന് മനസിലാക്കി കൊള്ളസംഘം തട്ടിക്കൊണ്ട് പോവുകയായിരുന്നു. സൗദി പൗരന്‍മാരായിരുന്നു കൊള്ളസംഘത്തിലുണ്ടായിരുന്നത്. സമീറിനെ തട്ടിക്കൊണ്ട് പോവാന്‍ സഹായിച്ചെന്ന കേസിലാണ് തൃശൂര്‍ സ്വദേശിയായ നൈസാം സാദിഖ് പിടിയിലായത്.
ഇവര്‍ കൊള്ളസംഘം രൂപീകരിച്ചതായി അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. തട്ടിക്കൊണ്ട് പോയ ശേഷം പണമില്ലെന്ന് മനസിലായതോടെ മൂന്ന് ദിവസം ബന്ദിയാക്കി വെച്ചു. ഇവിടെ നിന്ന് ഏറ്റ മര്‍ദ്ദനമാണ് സമീറിന്റെ ജീവനെടുത്തത്. മരിച്ചെന്ന് ഉറപ്പായതോടെ മൃതദേഹം മാലിന്യ ബോക്‌സിനരികെ ഉപേക്ഷിക്കുകയായിരുന്നു. ചെറിയ പെരുന്നാള്‍ ദിനം രാവിലെയായിരുന്നു സംഭവം.
അന്വേഷണ സംഘം ശരീരത്തിലെ മുറിവുകളും, സാഹചര്യത്തെളിവുകളും അനുസരിച്ച് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു. ജൂബൈല്‍ പൊലിസ് നടത്തിയ അന്വേഷണത്തില്‍ തൃശൂര്‍ സ്വദേശിക്ക് പുറമെ സൗദി പൗരന്‍മാരായ ജാഫര്‍ ബിന്‍ സാദിഖ്, ഹുസൈന്‍ ബിന്‍ ബാഖിര്‍, ഇദ്‌രീസ് ബിന്‍ ഹുസൈന്‍, ഹുസൈന്‍ ബിന്‍ അബ്ദുല്ല എന്നിവരെ കസ്റ്റഡിയിലെടുത്തു.