ഒരുനാടിനെ മുഴുവൻ ഉരുളെടുത്ത് നാളെ എന്തെന്ന് അറിയാതെ പകച്ച് നിൽക്കുകയാണ് വയനാട്ടിലുള്ള ആളുകൾ. അപ്പോളും ചില കോണുകളിൽ ആശ്വാസത്തിന്റെ വാർത്തകൾ ഉയരുന്നുണ്ട്. അത്തരത്തിൽ ഒന്നാണ് കുവൈത്തിൽ നിന്ന് വരുന്നത്. വയനാട് ദുരന്തത്തിൽ അനാഥയായ പെൺകുട്ടിയെ ദത്തെടുക്കാൻ സന്നദ്ധതയറിയിച്ചിരിക്കുകയാണ് കുവൈത്ത് പ്രവാസിയും കുടുംബവും. സമീർ പടന്നയും കുടുംബവുമാണ് ഇതിനായി നിയമവഴികൾ അന്വേഷിക്കുന്നത്. കുവൈത്തിൽ പ്രവാസിയായ കാസർകോട് പടന്ന സ്വദേശിയായ സമീർ ഭാര്യ കെ.പി. സാജിതയോടും മക്കളായ റിഹാനോടും,റബീനോടും ചർച്ചചെയ്താണ് ഈ തീരുമാനത്തിലെത്തിയത്. '
സർക്കാർ നയങ്ങൾക്കനുസരിച്ച് കുട്ടിയെ ഏറ്റെടുക്കുമെന്നും സമീർ പറഞ്ഞു. സന്നദ്ധസേവന രംഗത്ത് പ്രവർത്തിക്കുന്നവരുമായി സമീർ ഇക്കാര്യം ചർച്ച ചെയ്തുകഴിഞ്ഞു. സർക്കാർ സംവിധാനങ്ങളുമായി ബന്ധപ്പെട്ട് തുടർ നടപടികൾ സ്വീകരിക്കാനാണ് ഇനി ശ്രമം.കുഞ്ഞുങ്ങളെ ദത്തെടുക്കാൻ സമീറിന് മറ്റൊരു കാരണവും പ്രചോദനവും കൂടിയുണ്ട്. പിതാവ് പി.വി.സി കുഞ്ഞബ്ദുല്ല വർഷങ്ങൾക്കു മുമ്പ് കുടുംബത്തിലേക്ക് ഒരു കുഞ്ഞിനെ ദത്തെടുത്തിരുന്നു. അതടക്കം തനിക്ക് ഇപ്പോൾ നാല് സഹോദരങ്ങൾ ഉണ്ടെന്നും, മറ്റൊരാളെ ദത്തെടുക്കുന്ന കാര്യം പറഞ്ഞപ്പോൾ മാതാവ് ബി.സി. സുഹറ ഏറെ സന്തോഷവതിയാണെന്നും സമീർ പറഞ്ഞു. കുവൈത്ത് അൽ അൻസാരി എക്സ്ചേഞ്ചിൽ പ്രോജക്ട് കോഓഡിനേറ്ററാണ് സമീർ.