കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗികളില്‍ നിന്നും അധിക തുക ഈടാക്കാനുളള ആശുപത്രി വികസന സമിതി തീരുമാനം ആശുപത്രിയെ ആശ്രയിക്കുന്ന സാധാരണക്കാര്‍ക്കുളള മന്ത്രി വി.എന്‍ വാസവന്റെയും സിപിഎമ്മിന്റെയും ഓണസമ്മാനമാണെന്ന് ബിജെപി മധ്യമേഖല പ്രസിഡന്റ് എന്‍.ഹരി

.

കോട്ടയം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗികളില്‍ നിന്നും അധിക തുക ഈടാക്കാനുളള ആശുപത്രി വികസന സമിതി തീരുമാനം ആശുപത്രിയെ ആശ്രയിക്കുന്ന സാധാരണക്കാര്‍ക്കുളള മന്ത്രി വി.എന്‍ വാസവന്റെയും സിപിഎമ്മിന്റെയും ഓണസമ്മാനമാണെന്ന് ബിജെപി മധ്യമേഖല പ്രസിഡന്റ് എന്‍.ഹരി ആരോപിച്ചു. 
മെഡിക്കല്‍ കോളജ് ആശുപത്രി മന്ത്രിയുടെയും പാര്‍ട്ടിയുടെയും കൈപ്പിടിയിലാക്കാനുളള നീക്കത്തിന്റെ ഭാഗമാണിത്.

ആശുപത്രി വികസന സമിതിക്കു ഫണ്ടില്ല എന്ന കാരണം ചൂണ്ടികാട്ടി പാവപ്പെട്ട രോഗികളെ പിഴിയാനുളള തീരുമാനമെടുത്തത് ഏറ്റുമാനൂരിന്റെ എംഎല്‍എ കൂടിയായ മന്ത്രി വി.എന്‍ വാസവന്റെ സാന്നിധ്യത്തിലായിരുന്നുവെന്നത് സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും അടിസ്ഥാന ജനവിഭാഗത്തോടുളള സമീപനം വ്യക്തമാക്കുന്നതാണ്. 

 ആതുരസേവന രംഗത്തെ ആള്‍രൂപമായി അവതരിക്കുന്ന മന്ത്രിയുടെ വിശ്വരൂപമാണ് ഇവിടെ തെളിയുന്നത്. 

അടിച്ചേല്‍പ്പിക്കുന്ന സാമ്പത്തിക ഭാരത്തില്‍ നട്ടം തിരിഞ്ഞിരിക്കുകയാണ് കേരള ജനത. അതിലെ അവസാന അധ്യായമാണ് രോഗികളെ കൊള്ളയടിക്കാനുളള നീക്കം. കൊച്ചുപിച്ചാത്തി കാട്ടി പിടിച്ചു നിര്‍ത്തി പോക്കറ്റടിക്കുന്ന നിലവാരത്തിലേക്ക് തരംതാഴരുതെന്ന് ഹരി അഭിപ്രായപ്പെട്ടു.

അഞ്ചു ജില്ലകളില്‍ നിന്നുളള ലക്ഷക്കണക്കിന് രോഗികളാണ് കോട്ടയം മെഡിക്കല്‍ കോളേജിനെ ആശ്രയിക്കുന്നത്. 

ഐസിയുവിലും വെന്റിലേറ്ററിലുമുളള രോഗികളില്‍ നിന്ന് 750 രൂപവരെ വാങ്ങാനാണ് തീരുമാനം. നിലവില്‍ തന്നെ ആശുപത്രിയിലെത്തിയാല്‍ ചികിത്സയുടെയും മരുന്നിന്റെയും വലിയ ശതമാനം ചെലവ് വഹിക്കേണ്ട അവസ്ഥയിലാണ് രോഗികള്‍. 

ഒരു വര്‍ഷത്തിലധികമായി മെഡിക്കല്‍ കോളജ് ആശുപത്രി ഫലത്തില്‍ പണം ഇടാക്കുന്ന പെയ്ഡ് ആശുപത്രിയായികഴിഞ്ഞു. 

സാധാരണ ജനങ്ങള്‍ക്ക് നീതിനിഷേധിച്ച് ശസ്ത്രക്രിയകള്‍ പോലും മാറ്റിവച്ചിരിക്കുകയാണ്. ശസ്ത്രക്രിയ നടക്കണമെങ്കില്‍ മരുന്നും ഉപകരണങ്ങളും ഗ്ലൗസുപോലും വാങ്ങി നല്‍കണം. കൂടാതെ ശസ്ത്രക്രിയ്ക്കു ശേഷമുളള ജീവൻരക്ഷ  മരുന്നുകള്‍ പോലും പുറത്തു നിന്നും വാങ്ങിനല്‍കണം. ഇത്തരത്തിലുളള ഭാരിച്ച ചെലവ് താങ്ങാനാവാതെ കിടപ്പാടം പോലും പണയപ്പെടുത്തി പലരും സ്വകാര്യ ആശുപത്രികളിലേക്ക് പോകുന്നതിനുളള അവസരം ഒരുക്കുന്ന അവസ്ഥയാണ്  നിലവില്‍ ഉളളത്. ഇതിനു പിന്നിലും ചില ഗൂഢാലോചന സംശയിക്കുന്നു. അതിനിടയിലാണ് പുതിയ പ്രഹരം. ഐസിയു പോലുളള തീവ്രചികിത്സയ്ക്കു പോലും പണം ഈടാക്കുകയും കൂടാതെ സേവനങ്ങള്‍ക്കുളള നിരക്കും വര്‍ധിപ്പിക്കുന്നു. 

സര്‍ക്കാരില്‍ നിന്നുളള പണം ലഭിക്കാതെയായപ്പോള്‍ രോഗദുരിതത്തിലായവരുടെ ചുമലില്‍ അതു കെട്ടിവയ്ക്കാനാണ് നീക്കം.
ഇതിനകം തന്നെ മന്ത്രിയുടെയും പാര്‍ട്ടിയുടെയും പാര്‍ശ്വവര്‍ത്തികളെയും സഖാക്കളെയും കുത്തിനിറച്ചിരിക്കുകയാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍. 

മന്ത്രിയുടെ സ്വകാര്യ സംരംഭമായി അറിയപ്പെടുന്ന അഭയം ഏജന്‍സിയെ മെഡിക്കല്‍ കോളജിന്റെ ഇതര പ്രവര്‍ത്തനങ്ങളുടെ കരാര്‍ ഏല്‍പ്പിക്കാനാണ് മറ്റൊരു നീക്കം. പാര്‍ട്ടി യുവജനവിഭാഗത്തിന് അവിടെ പ്രത്യേക കൗണ്ടര്‍  തുറക്കാന്‍ അനുമതി നല്‍കിയാലും അത്ഭുതപെടാനില്ല.

 സമൂഹത്തിലെ  സാധാരണക്കാര്‍ക്ക് ചികിത്സ നല്‍കാന്‍ പോലും കഴിയാതെ മെഡിക്കല്‍ കോളജിനെ ബ്ലേഡ് ആശുപത്രിയാക്കാനാണ് നീക്കമെങ്കില്‍ അത് സിപിഎം നിയന്ത്രണത്തില്‍ സ്വകാര്യവല്‍ക്കരിക്കുകയായിരിക്കും ഇതിലും ഭേദം. 

തൊട്ടതിനെല്ലാം കൈനീട്ടുന്ന ആതുരാലയമായി ഇതിനകം തന്നെ മെഡിക്കല്‍ കോളജ് ആശുപത്രിയെ മാറ്റിക്കഴിഞ്ഞു. ആശുപത്രിയുമായി ബന്ധപ്പെട്ട എല്ലാ സേവനത്തിനും പാര്‍ട്ടി ബിനാമികളെയാണ് നിയോഗിക്കുന്നത്. 

കോട്ടയം മെഡിക്കല്‍ കോളജിലെ പെയ്ഡ് ആശുപത്രിയാക്കാനുളള നീക്കം അങ്ങേയറ്റം അപലപനീയമാണ്. ഇത് അംഗീകരിക്കാനാവില്ല. ആശുപത്രി വികസന സമിതിയുടെ ഈ ജനാധിപത്യവിരുദ്ധ ബൂര്‍ഷ്വാ തീരുമാനം എത്രയും വേഗം പിന്‍വലിക്കണം.


أحدث أقدم