കറുകച്ചാൽ : യുവാവിനെയും, ഭാര്യയെയും വീടുകയറി ആക്രമിച്ച കേസിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കുന്നന്താനം പാലക്കതകിടി സ്വദേശികളായ കാഞ്ഞിരത്താനം വീട്ടിൽ ഗോകുൽ പ്രസാദ് (28), പുള്ളോലിക്കൽ വീട്ടിൽ സുജിത്ത് പി.ആർ (29), പുള്ളോലിക്കൽ വീട്ടിൽ വിഷ്ണു വിജയൻ (28), സന്ദീപ് ഭവനം വീട്ടിൽ സന്ദീപ് മോഹനൻ (29) എന്നിവരെയാണ് കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ സംഘം ചേർന്ന് മൂന്നാം തീയതി (ഇന്നലെ) രാത്രി 10 മണിയോടുകൂടി കറുകച്ചാൽ തെങ്ങോലിപ്പടി ഭാഗത്തുള്ള യുവാവിന്റെ വീട്ടിൽ അതിക്രമിച്ച് കയറി കതക് തള്ളി തുറന്ന് യുവാവിനെയും ഭാര്യയെയും ചീത്ത വിളിക്കുകയും കതകിന്റെ പാളി ഉപയോഗിച്ച് ഇവരെ ഇടിപ്പിക്കുകയുമായിരുന്നു.
വഴി തർക്കത്തിന്റെ പേരിൽ യുവാവിനോട് ഇവർക്ക് മുൻ വിരോധം നിലനിന്നിരുന്നു ഇതിന്റെ തുടർച്ചയെന്നോണമാണ് ഇവർ വീട് കയറി കയ്യേറ്റം നടത്തിയത്. പരാതിയെ തുടർന്ന് കറുകച്ചാൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഇവരെ പിടികൂടുകയുമായിരുന്നു. സ്റ്റേഷൻ എസ്.എച്ച്.ഓ പ്രശോഭ്, എസ്.ഐ മാരായ ജയകുമാർ, സജുലാൽ , സി.പി.ഓ മാരായ രതീഷ്, ജോഷി സേവിയർ, ശിവപ്രസാദ്, വിവേക്, ഡെന്നി ചെറിയാൻ , സുരേഷ് എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി.