സർക്കാർ നൽകിയ ധനസഹായത്തിൽനിന്ന് വായ്പ ഈടാക്കിയ സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് കൽപ്പറ്റ ഗ്രാമീൺ ബാങ്ക്. ചീഫ് മാനേജർ ലീസൻ എൽ കെയാണ് ഖേദം പ്രകടിപ്പിച്ചത്. പണം ഇനിയും തിരിച്ചുനൽകാനുള്ളവർക്ക് ബുധനാഴ്ച 5 മണിക്കുള്ളിൽ തിരികെ നൽകുമെന്നും ബാങ്ക് അധികൃതർ അറിയിച്ചു.
ബാങ്കിന്റെ മനുഷ്യത്വരഹിതമായ നടപടിയിൽ യുവജനസംഘടനകൾ പ്രതിഷേധം ശക്തമാക്കിയിരുന്നു. ഇതോടെ വായ്പാതുകകൾ തിരിച്ചു നൽകിയതായി ഗ്രാമീൺ ബാങ്ക് അറിയിച്ചിരുന്നു. പണം തിരിച്ചുനൽകിയതിന്റെ രേഖകൾ ബാങ്ക് അധികൃതർ പൊലീസുകാർക്കടക്കം കൈമാറി. എന്നാൽ തിരിച്ച് വായ്പ പിടിച്ച രാജേഷ് എന്നയാൾക്ക് പണം കിട്ടിയില്ലെന്ന് മാത്രമല്ല, പേര് ബാങ്ക് അധികൃതർ നൽകിയ ലിസ്റ്റിൽ പേരും ഉണ്ടായിരുന്നില്ല. ഇതോടെ യുവജന സംഘടനകൾ വീണ്ടും പ്രതിഷേധം കടുപ്പിച്ചു. തുടർന്നാണ് ബാങ്ക് ഖേദം പ്രകടിപ്പിച്ചത്. ഇതോടെ കൽപ്പറ്റ ഗ്രാമീൺ ബാങ്കിലെ പ്രതിഷേധം അവസാനിച്ചു.