ന്യൂയോർക്കിൽ ഞായറാഴ്ച്ച നടക്കുന്ന ഇന്ത്യദിന പരേഡിലെ അയോധ്യ ക്ഷേത്ര ഫ്ലോട്ട് വൻ വിവാദത്തിലേക്ക്


ഞായറാഴ്ച ന്യൂയോർക്കിൽ നടക്കാൻ പോകുന്ന ഇന്ത്യ ദിന പരേഡിലെ അയോധ്യ രാമ ക്ഷേത്രത്തിന്റെ ഫ്ലോട്ട് വൻ വിവാദ വിഷയമാകുന്നു. ഇതു സംബന്ധിച്ച് പല മുസ്ലിം സംഘടനകളും എതിർപ്പ് അറിയിച്ചതിനെ തുടർന്ന് അമേരിക്കൻ മാധ്യമങ്ങൾ ഈ വിഷയം ചർച്ചയാക്കുകയാണ്.
ഇന്ത്യൻ അമേരിക്കൻ മുസ്‌ലിം കൗൺസിലും മറ്റ് മുസ്ലിം വിശ്വാസാധിഷ്‌ഠിത ഗ്രൂപ്പുകളും പരേഡ് സംഘാടകരോട് രാമക്ഷേത്രം ഉൾക്കൊള്ളുന്ന ഫ്ലോട്ട് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അവരുടെ അഭിപ്രായത്തിൽ ബാബ്റി മസ്ജിദ് പൊളിച്ച് ആ സ്ഥാനത്തു പണിത അയോധ്യയിലെ ക്ഷേത്രം അക്രമത്തെയും മഹത്വപ്പെടുത്തുന്ന പ്രതീകമാണ്“ഈ ഫ്ലോട്ട്, ഹിന്ദു ദേശീയത എന്ന പ്രത്യയശാസ്ത്രത്തെ ഇന്ത്യൻ ഐഡൻ്റിറ്റിയുമായി കൂട്ടിയിണക്കാനുള്ള ചില ഗ്രൂപ്പുകളുടെ മനപൂർവമുള്ള ശ്രമമാണ്,” ഇന്ത്യൻ അമേരിക്കൻ മുസ്‌ലിം കൗൺസിലും മറ്റു ചില സംഘടനകളും ഈ മാസം ആദ്യം ന്യൂയോർക്ക് ഗവർണർ കാത്തി ഹോച്ചുളിനും ന്യൂയോർക്ക് സിറ്റി മേയർ എറിക് ആഡംസിനും അയച്ച കത്തിൽ എഴുതി. “ഇത് കേവലം ഒരു സാംസ്കാരിക പ്രദർശനമല്ല, മറിച്ച് മുസ്ലീം വിരുദ്ധ വിദ്വേഷം, മത മേധാവിത്വം എന്നിവയുടെ അശ്ലീലമായ ആഘോഷമാണ്.”- കത്തിൽ അവർ സൂചിപ്പിക്കുന്നു.

എന്നാൽ സംഘാടകർ ഈ ഫ്ളോട്ട് ഉപേക്ഷിക്കില്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ദശലക്ഷക്കണക്കിന് വരുന്ന ഹിന്ദുക്കളുടെ വിശ്വാസ ജീവിതത്തിലെ നാഴികക്കല്ലായിരുന്നു ആ പുണ്യ ക്ഷേത്രത്തിന്റെ ഉദ്ഘാടനമെന്നാണ് അവരുടെ വാദം. “ഞങ്ങൾ സമാധാനപരമായ സഹവർത്തിത്വത്തിനായി നിലകൊള്ളുകയും ഈ മൂല്യം ഉൾക്കൊള്ളാൻ എല്ലാവരേയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.” പരിപാടി സംഘടിപ്പിക്കുന്ന ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷൻസ് ചെയർമാൻ അങ്കുർ വൈദ്യ പ്രസ്താവനയിൽ പറഞ്ഞു. “ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യത്തിൻ്റെ സമ്പന്നമായ ആഘോഷമായാണ് അസോസിയേഷൻ പരേഡിനെ ഒരുക്കുന്നത്, ഹിന്ദു മാത്രമല്ല, മുസ്ലീം, സിഖ്, ക്രിസ്ത്യൻ മതങ്ങളെ പ്രതിനിധീകരിക്കുന്ന ഫ്ലോട്ടുകൾ വർഷങ്ങളായി പരേഡിൽ ഒരുക്കാറുണ്ട്. വൈദ്യ അറിയിച്ചു.
ഇതു സംബന്ധിച്ച തീരുമാനം അറിയാൻ ഹോച്ചുളിൻ്റെയും ആഡംസിൻ്റെയും ഔദ്യോഗിക പ്രതികരണം ഇതുവരെ വന്നിട്ടില്ല. മേയർ എറിക് ആഡംസ് മുൻ വർഷങ്ങളിലെ ഇന്ത്യ ദിന പരേഡിൽ പങ്കെടുത്തിട്ടുണ്ട്. ചൊവ്വാഴ്ച സിറ്റി ഹാളിൽ നടന്ന വാർത്താ സമ്മേളനത്തിൽ ഈ വിവാദത്തെ കുറിച്ച് ചോദിച്ചപ്പോൾ ‘ന്യൂയോർക്കിൽ വിദ്വേഷത്തിന് ഇടമില്ല” എന്നായിരുന്നു അദ്ദേഹത്തിൻ്റെ മറുപടി .” ഈ നഗരം എല്ലാവർക്കും ഉള്ളതാണ്. അവിടെ വെറുപ്പിനും വിദ്വേഷത്തിനും ഇടമില്ല. പരേഡിൽ വിദ്വേഷം വളർത്തുന്ന ഒരു ഫ്ലോട്ടോ വ്യക്തിയോ ഉണ്ടെങ്കിൽ, അതിന് ഇടമുണ്ടായിരിക്കില്ല.. ” – ആഡംസ് വ്യക്തമാക്കി.

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയതിെന്റെ ആഘോഷം എല്ലാവർഷവും ഓഗസ്റ്റ് 15നോട് അനുബന്ധിച്ചുള്ള ഒരു ദിവസം ന്യൂയോർക്കിൽ ആഘോഷിക്കാറുണ്ട്. കഴിഞ്ഞ 42 വർഷമായി നടക്കുന്ന ഈ പരിപാടിയിൽ ബോളിവുഡ് സെലിബ്രിറ്റികളും ഇന്ത്യൻ കായിക താരങ്ങളെയും പങ്കെടുക്കാറുണ്ട്. അതിനാൽ തന്നെ പതിനായിരക്കണക്കിന് ആളുകൾ മാൻഹട്ടനിലെ മാഡിസൺ അവന്യൂവിൽ നടക്കുന്ന ആഘോഷത്തിൽ പങ്കെടുക്കാൻ എത്തും.
أحدث أقدم