ദേശീയ അവാര്‍ഡ് വാങ്ങുന്ന താരങ്ങള്‍ വരെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. അടുത്തവരുടെ കുടുംബത്തില്‍ കയറി കളിക്കുന്ന കാമഭ്രാന്തന്മാര്‍ ആര്, എന്തൊക്കെ ചെയ്തിട്ടുണ്ട് എന്നൊക്കെ താന്‍ പറയാം. താന്‍ നാല് വര്‍ഷമായി ഒരു കേസും കൊണ്ട് നടക്കുകയാണ്. ഇതുവരെ ഒന്നും സംഭവിച്ചിട്ടില്ല. ഇതിന് മുമ്പുള്ള കേസുകളൊക്കെ കിടക്കുവാണ്. ഇപ്പോഴെങ്കിലും ആക്ഷന്‍ എടുക്കണം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഉള്ളത് എന്തായാലും കേസ് റജിസ്റ്റര്‍ ചെയ്യണം നടപടി ഉണ്ടാകണം. ഇല്ലെങ്കില്‍ ഇത് പുറത്തുവിട്ടിട്ട് എന്ത് കാര്യം എന്നാണ് ബാല ചോദിക്കുന്നത്.
ബാല പറഞ്ഞത് ഇങ്ങനെയാണ് ...
ഇപ്പോള്‍ നിലവില്‍ സിനിമാ രംഗത്ത് എത്ര പൊലീസ് കേസുകള്‍ ഉണ്ട്, എത്ര സെലിബ്രിറ്റികളുടെ പേരില്‍ കേസുണ്ട്. ഇതുവരെ എന്തെങ്കിലും സംഭവിച്ചോ ഇല്ലല്ലോ. ന്യായം എവിടെയായാലും അവരുടെ പക്ഷത്താണ് ഞാന്‍. സ്ത്രീയുടെ ഭാഗത്താണ് ന്യായമെങ്കില്‍ അവരുടെ പക്ഷത്ത് ഞാന്‍ ഉണ്ടാകും. ഒരാളുടെ സെലിബ്രിറ്റി സ്റ്റാറ്റസും പണവും കണ്ടിട്ട് ഒരു പെണ്ണ് ഒരാളെ ഹരാസ് ചെയ്താല്‍ ഞാന്‍ ഉറപ്പായും അയാളുടെ കൂടെ ഉണ്ടാകും. ഈ കമ്മീഷനും അന്വേഷണങ്ങളും എല്ലാം പൂര്‍ത്തിയായാലും ഒന്നും നടക്കാന്‍ പോകുന്നില്ല. അത് എനിക്കും നിങ്ങള്‍ക്കും അറിയാം. ഇത് വളരെ സങ്കടത്തോടെ ഞാന്‍ പറയുകയാണ്. പണ്ടത്തെ കാലം മുതല്‍ എത്രയോ കാര്യങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. പക്ഷേ ഇപ്പോള്‍ സ്ത്രീകള്‍ ധൈര്യമായി മുന്നോട്ടു വന്ന് പരാതികള്‍ പറയുന്നുണ്ട് അതിനെ ഞാന്‍ അഭിനന്ദിക്കുന്നു. സത്യമായ കാര്യത്തിന് ഒരു കുറ്റവാളിക്ക് ശിക്ഷ കൊടുത്തില്ലെങ്കില്‍ പരാതി പറഞ്ഞവര്‍ മാനസിക വിഷമത്തില്‍ ആകും. അവിടെ അവരും നിയമവും തോറ്റു പോവുകയാണ്. ഇതിനകത്ത് ഒരു ക്രിമിനല്‍ കേസും ഇതുവരെയും വന്നിട്ടില്ല. അങ്ങനെ വന്നാല്‍ തന്നെയും എവിടെ വരെ പോകാനാണ്. മുമ്പേ തന്നെ റജിസ്റ്റര്‍ ചെയ്ത ക്രിമിനലില്‍ കേസുകളില്‍ ഇതുവരെയും കേരളത്തില്‍ ഒരു നടപടിയും ആയിട്ടില്ല.
ഒരു പെണ്ണ് ഒരാള്‍ക്കെതിരെ പരാതി കൊടുക്കുമ്പോള്‍ ഉടനെ ദുബായിലേക്ക് ഓടി പോവുകയാണ് ചിലര്‍. അങ്ങനെ ഓടി പോകുന്നത് എന്താണ്? ഒരു മാസം അവിടെ കഴിഞ്ഞിട്ട് തിരിച്ചു വരുമ്പോഴേക്കും നിങ്ങളെല്ലാം മറന്നു പോകും അതുകൊണ്ടാണ്. ദുബായില്‍ പോയി കള്ളുകുടിച്ച് ജോളി ആയിരിക്കും. പത്തിരുപത് ദിവസത്തില്‍ ജാമ്യം കിട്ടും. അതിനുശേഷം ആ പെണ്ണിനെ വിളിച്ചു നോക്ക് നമുക്ക് കോംപ്രമൈസ് ചെയ്യാം നിനക്ക് 20 ലക്ഷമോ 30 ലക്ഷമോ തരാം എന്ന് പറയും. ഇങ്ങനെയാണ് കാര്യങ്ങള്‍ നടക്കുന്നത്. ഞാന്‍ സത്യം തുറന്നു പറയുമ്പോള്‍ ആര്‍ക്കും ഇഷ്ടപ്പെടില്ല. ഒരു പെണ്ണ് വന്ന് ഒരു കേസ് കൊടുക്കണമെങ്കില്‍ അവള്‍ക്ക് എത്രമാത്രം ധൈര്യം ഉണ്ടാകണം. അതു കൊടുത്തു കഴിയുമ്പോള്‍ വീട്ടുകാരും നാട്ടുകാരും എല്ലാം അറിയും. ആ പ്രക്രിയ നടക്കുമ്പോള്‍ മറ്റുള്ളവര്‍ എന്തു പറയും. ഇവള്‍ ഇങ്ങനെ പോയവളാണ് എന്ന് പറയുമായിരിക്കും. ആ കേസ് ഇങ്ങനെ അന്തമില്ലാതെ നീണ്ടുപോകുമ്പോള്‍ അത് അവര്‍ താങ്ങില്ല. അവസാനം ഈ സമൂഹം അവളെ ഒരു തെറ്റായ പെണ്ണായി മാറ്റും. ഒത്തുതീര്‍പ്പിന് വിളിച്ച് കാശ് കൊടുത്ത് അവളെ വിലയ്ക്ക് എടുക്കുമ്പോള്‍ അവള് മോശക്കാരിയായി മാറി. അല്ലാതെ അവള്‍ മനഃപൂര്‍വം വഴിതെറ്റി പോകുന്നതല്ല. ഈ നിയമത്തില്‍ നിന്നും ഒരു വിധി കിട്ടാതെ കഷ്ടപ്പെട്ട് ഈ സമൂഹത്തില്‍ നില്‍ക്കുമ്പോള്‍ അല്ല മറിച്ച് ഒത്തുതീര്‍പ്പിന് കാശ് വാങ്ങുമ്പോള്‍ ആണ് ചീത്തയാകുന്നത്. അവര്‍ക്ക് വേറെ വഴിയില്ല.
എന്റെ ജീവിതത്തില്‍ നടന്ന കാര്യം ഞാന്‍ പറയാം. ഞാന്‍ മുമ്പ് തന്നെ പറഞ്ഞതാണ്. ഒരു മ്യൂസിക് ഡയറക്ടര്‍ ഉണ്ട്, എന്ന് ഞാന്‍ മുമ്പ് പേരെടുത്ത് പറഞ്ഞതാണ്. പ്രശസ്തിക്ക് വേണ്ടി ആണുങ്ങളെ ചതിക്കുന്ന പെണ്ണുങ്ങള്‍ ഉണ്ട്. അതുപോലെ കാമഭ്രാന്തന്മാരായ ആണുങ്ങളും ഇവിടെ ഉണ്ട്. ഞാന്‍ മുമ്പ് ശബ്ദസന്ദേശം ഉള്‍പ്പെടെയാണ് പറഞ്ഞത്. ഞാന്‍ പറഞ്ഞാല്‍ കേള്‍ക്കാന്‍ ആരുമില്ല. പക്ഷേ ചുരിദാറോ സാരിയോ ഉടുത്ത ഒരു പെണ്ണ് വന്നിരുന്നു പറഞ്ഞാല്‍ കേള്‍ക്കാന്‍ ആളുണ്ട്. എന്നെ നിങ്ങള്‍ ലൈവില്‍ കൊണ്ടുവാ ഞാന്‍ എല്ലാം തുറന്നു പറയാം. അടുത്തവരുടെ കുടുംബത്തില്‍ കയറി കളിക്കുന്ന കാമഭ്രാന്തന്മാര്‍ ആര്, എന്തൊക്കെ ചെയ്തിട്ടുണ്ട്, മക്കളും ഭാര്യയുമുള്ള കുടുംബമാണെന്ന് നോക്കാതെ എങ്ങനെ ഒക്കെ ഒരു കുടുംബത്തെ ചെയ്തു നശിപ്പിച്ചു, നിയമം എങ്ങനെ അതിനോട് പ്രതികരിക്കുന്നു എന്നും എല്ലാം ഞാന്‍ പറയാം. അങ്ങനെ എന്നെ കൊണ്ടുവരാന്‍ ആര്‍ക്കെങ്കിലും ധൈര്യമുണ്ടോ ഞാന്‍ ചാലഞ്ച് ചെയ്യുകയാണ്.
ജീവിതത്തില്‍ നേട്ടം കൊയ്ത വലിയ നിര്‍മ്മാതാക്കള്‍, സൂപ്പര്‍ താരങ്ങള്‍ തുടങ്ങിയവര്‍ എവിടെയെങ്കിലും എത്തിയിട്ടുണ്ടെങ്കില്‍ അവര്‍ സിനിമയെ ദൈവമായി കാണുന്നത് കൊണ്ടാണ്. അവര്‍ക്ക് കുടുംബത്തിന് അപ്പുറം പോയി സെക്‌സ് ചെയ്യണമെന്നുണ്ടെങ്കില്‍ അതിന് സിനിമയുടെ ആവശ്യമില്ല. റിസ്‌ക് എടുത്ത് സ്വന്തം സ്വന്തം തൊഴിലിന്റെ ഇടയില്‍ അത് ചെയ്യേണ്ട ആവശ്യമില്ല. അവര്‍ക്ക് പ്രശസ്തി ഉണ്ടെന്ന് കരുതി അവരെ ടാര്‍ഗറ്റ് ചെയ്ത് നശിപ്പിക്കാതെ ഇരിക്കുക. നമുക്ക് നേരിട്ട് അറിയുന്ന സൂപ്പര്‍ താരങ്ങളെ കുറിച്ച് ഓരോന്ന് പറയുന്നത് കേള്‍ക്കുമ്പോള്‍ വലിയ വേദനയാണ് തോന്നുന്നത്. ഏറ്റവും മുകളിലും താഴേക്കിടയിലും അല്ലാതെ ഇടയില്‍ നില്‍ക്കുന്ന ചില താരങ്ങള്‍ ഉണ്ട്. അവരാണ് കുഴപ്പങ്ങള്‍ ഉണ്ടാക്കുന്നത്. അവര്‍ക്കെതിരെ പരാതികള്‍ കോടതിയിലും പൊലീസ് സ്റ്റേഷനിലും എല്ലായിടത്തും പോയിട്ടുണ്ട്. ഞാന്‍ നാല് വര്‍ഷമായി കേസ് കൊണ്ട് നടക്കുകയാണ് ഒരു പിണ്ണാക്കും ഇവിടെ നടന്നിട്ടില്ല പിന്നെയാണ് ഹേമ കമ്മീഷന്‍. ഹേമ കമ്മീഷനെ കുറിച്ച് പുച്ഛത്തോടെ സംസാരിക്കുകയല്ല, എന്റെ മനസിലെ സങ്കടമാണ് ഞാന്‍ പറയുന്നത്. ഇപ്പോഴെങ്കിലും ഒരു ആക്ഷന്‍ എടുക്കണം. ഇതിന് മുമ്പുള്ള കേസുകളൊക്കെ കിടക്കുവല്ലേ, ഇപ്പോഴെങ്കിലും എന്തെങ്കിലും സംഭവിക്കണം.
ദേശീയ അവാര്‍ഡ് വാങ്ങുന്ന താരങ്ങള്‍ വരെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഉണ്ട് ഞാന്‍ ആരെ കുറിച്ച് ആണ് പറയുന്നതെന്ന് മനസിലായിട്ടുണ്ടാവും. എന്നിട്ട് എന്തെങ്കിലും സംഭവിച്ചോ കര്‍ണാടകയിലും ഉണ്ട് കേസ്. എന്റെ പേരുള്ള ഒരു താരത്തിനെ കുറിച്ചുള്ള ന്യൂസ് പോലും പുറത്തു വന്നില്ലേ. എന്നിട്ട് ഇതുവരെ എന്തെങ്കിലും നടപടി ഉണ്ടായോ. എന്റെ ചോദ്യം ഇതേ ഉള്ളൂ നിയമപരമായി കേസ് എടുക്കാനുള്ള വകുപ്പ് ഹേമ കമ്മിറ്റിയില്‍ ഉണ്ട്. അങ്ങനെ കേസ് എടുത്താലും നിയമപരമായി അവര്‍ക്ക് ശിക്ഷ കിട്ടുമോ. അതിനുള്ള വകുപ്പ് കേരളത്തില്‍ എങ്കിലും ഉണ്ടോ. മറ്റ് സംസ്ഥാനങ്ങളുടെ കാര്യം പോട്ടെ ഇവിടെയെങ്കിലും ഉണ്ടായെങ്കില്‍ നന്നായിരുന്നു. കാസ്റ്റിങ് കൗച്ച് മലയാള സിനിമയില്‍ മാത്രമല്ല എല്ലാ ഫീല്‍ഡിലും ഉണ്ട്. പ്രീതി സിന്റ എന്ന ഒരു ഹിന്ദി നടിയുണ്ട്. ഒരു കാലഘട്ടത്തില്‍ പറഞ്ഞു കേട്ടിട്ടുള്ളത് ദാവൂദ് ഇബ്രാഹിം എന്ന ഇന്റര്‍നാഷ്ണല്‍ ഡോണ്‍ വിളിക്കുമ്പോള്‍ നടിമാര്‍ എല്ലാം അയാളുടെ അടുത്ത് പോയിരിക്കണം എന്നാണ്. പക്ഷേ പ്രീതി സിന്റയെ വിളിച്ചപ്പോള്‍ അവര്‍ അയാളോട് പറഞ്ഞു ‘ഒരു നടിയായില്ലെങ്കിലും ഞാന്‍ ആത്മാഭിമാനം ഉള്ള സ്ത്രീയായി ജീവിക്കും അതുകൊണ്ട് നീ പോടാ’ എന്ന്. അങ്ങനെയും ധൈര്യമായി പ്രതികരിക്കുന്ന ആളുകളുണ്ട്. സൗത്ത് ഇന്ത്യയിലും കേരളത്തിലും എല്ലായിടത്തും ധൈര്യമുള്ള സ്ത്രീകള്‍ ഉണ്ട്.
ഒരാള്‍ക്ക് ഒരാളെ വേദനിപ്പിക്കാന്‍ പറ്റും, പക്ഷേ അവരുടെ വളര്‍ച്ച തടയാന്‍ പറ്റില്ല. മലയാള സിനിമയില്‍ പവര്‍ ഗ്രൂപ്പ് ഉണ്ടോ ഇല്ലയോ എന്നൊന്നും എനിക്ക് അറിയില്ല. പക്ഷേ ഒരു നടന്‍ വിചാരിച്ചാല്‍ ചിലപ്പോള്‍ വേറൊരു നടനെ ഒരു സിനിമയില്‍ വേണ്ട എന്ന് പറയാന്‍ കഴിയുമായിരിക്കും. ആ സിനിമ ചിലപ്പോള്‍ വലിയ ഹിറ്റ് ആവും അതില്‍ അഭിനയിച്ചിരുന്നെങ്കില്‍ ഞാനും ഒരു വലിയ താരമായിരുന്നേനെ എന്ന് ഒരാള്‍ക്ക് തോന്നും. ആ സമയത്ത് ഒരു പക മനസില്‍ വരും. ആ ദേഷ്യത്തിന്റെ പേരില്‍ ചിലത് വിളിച്ചു പറയുന്നതില്‍ കഴമ്പുണ്ടായില്ല. പക്ഷേ സെക്ഷ്വല്‍ ഹരാസ്‌മെന്റിനെ കുറിച്ച് പരാതി ഉണ്ടായാല്‍ അതില്‍ നടപടി എടുക്കുക തന്നെ വേണം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഉള്ളത് എന്തായാലും അതെല്ലാം വ്യക്തികളോട് ചോദിക്കണം എന്നിട്ട് കേസ് റജിസ്റ്റര്‍ ചെയ്യണം നടപടി ഉണ്ടാകണം. കുറ്റക്കാരെ ശിക്ഷിക്കാനുള്ള ഒരു വകുപ്പ് ഉണ്ടാക്കണം. ഇതെല്ലാം ചെയ്യാതെ വെറുതെ ഒരു കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ട് എന്ത് കാര്യം. കുറേ ദിവസം ചര്‍ച്ച ചെയ്യാനുള്ള കാര്യങ്ങള്‍ മീഡിയയ്ക്ക് കിട്ടി അല്ലാതെ ഒന്നും നടക്കാന്‍ പോകുന്നില്ല. കാരണം നിലവില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ക്ക് ഇവിടെ വര്‍ഷങ്ങളായി തീരുമാനങ്ങള്‍ ഒന്നുമുണ്ടായിട്ടില്ല.