വയനാടിനൊരു കൈത്താങ്ങ്; പശുവിനെ വിറ്റ് ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകി നന്മണ്ടയിലെ കർഷകൻ




നന്മണ്ട : വയനാട്ടിലെ ദുരിത ബാധിതര്‍ക്ക് കൈത്താങ്ങാകാന്‍ ഗര്‍ഭിണിയായ പശുവിനെ വിറ്റ് പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി 76-കാരനായ ക്ഷീരകർഷകൻ. നന്മണ്ട സ്വദേശി ആശാരിപടിക്കല്‍ എ.പി ശ്രീധരനാണ് തന്റെ ആറ് മാസം ഗര്‍ഭിണിയായ നാടന്‍ ഇനത്തിലുള്ള പശുവിനെ വിറ്റ് പണം സമാഹരിച്ചത്.

നന്മണ്ട കര്‍ഷക സംഘത്തിന്റെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഇക്കാര്യം പറഞ്ഞപ്പോള്‍ തന്നെ ആവശ്യക്കാര്‍ എത്തുകയും 17,000 രൂപയ്ക്ക് വിലയുറപ്പിക്കുകയുമായിരുന്നു. കര്‍ഷകസംഘം ജില്ലാ നേതാവും കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാനുമായ എം മെഹബൂബ് തിങ്കളാഴ്ച ശ്രീധരനില്‍ നിന്നും പശുവിനെ ഏറ്റുവാങ്ങി.

ഒരു പശുക്കിടാവ് കൂടി സ്വന്തമായുള്ള ശ്രീധരന്‍ മുന്‍പ് തെങ്ങുകയറ്റ തൊഴിലാളിയായിരുന്നു. പ്രായമായതിനാല്‍ ഇപ്പോള്‍ തെങ്ങ് കയറാറില്ലെന്നും ‘പെട്ടെന്ന് എടുക്കാന്‍ പണം ഇല്ലാത്തതിനാലാണ് പശുവിനെ വില്‍ക്കുക എന്ന തീരുമാനത്തിലെത്തിയത്. ഗര്‍ഭിണിയായ പശുവായതിനാല്‍ വാങ്ങുന്നവര്‍ ആരായാലും അറവുകാര്‍ക്ക് നല്‍കാതെ വളര്‍ത്തുകയും ചെയ്യുമെന്നും ശ്രീധരന്‍ പറഞ്ഞു.
أحدث أقدم