സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴയ്ക്ക് മുന്നറിയിപ്പ്….ദുരന്ത സാധ്യതയും മുന്നിൽ കാണണം…




തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ മഴ കനക്കുമെന്ന് മുന്നറിയിപ്പുകൾ. തെക്കൻ, മധ്യ കേരളത്തിൽ കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് സ്വകാര്യ കാലാവസ്ഥാ ഏജൻസികൾ അറിയിക്കുന്നത്. നാളെ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ടാണ്. ആന്ധ്ര പ്രദേശിന് മുകളിലായി ഒരു ന്യൂനമർദ്ദം രൂപപ്പെടാനും, ആഗോള മഴ പാത്തി സജീവമാകാനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. തുടർച്ചയായി മഴ കിട്ടിയ പ്രദേശങ്ങളിൽ, പ്രത്യേകിച്ച് മലയോര മേഖലകളിൽ ജാഗ്രത തുടരണം. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാധ്യതകളും മുന്നിൽ കാണണം.

ചെറിയൊരു ഇടവേളയ്ക്ക് ശേഷം മഴ വീണ്ടും സജീവമാകുമെന്നാണ് മുന്നറിയിപ്പുകൾ. നാളെ ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടാണ്. മറ്റന്നാൾ പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിലും യെല്ലോ അലർട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് അറിയിപ്പ്. 13ആം തീയതി മുതൽ കുറെക്കൂടി ശക്തമായ മഴ സാധ്യതയാണ് സ്വകാര്യ കാലാവസ്ഥ ഏജൻസികൾ അറിയിക്കുന്നത്. മധ്യ, തെക്കൻ കേരളത്തിൽ പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും ജാഗ്രത വേണമെന്നും വിവിധ ഏജൻസികൾ സൂചിപ്പിക്കുന്നുണ്ട്.
أحدث أقدم