മയക്കുമരുന്ന് കേസുകളില്‍ ഇനി കരുതല്‍ തടങ്കൽ; നിയമവ്യവസ്ഥ കര്‍ശനമായി നടപ്പിലാക്കാന്‍ മന്ത്രിയുടെ നിർദേശം





തിരുവനന്തപുരം: മയക്കുമരുന്ന് കേസുകളില്‍ തുടര്‍ച്ചയായി ഉള്‍പ്പെടുന്ന പ്രതികളെ കരുതല്‍ തടങ്കലില്‍ വെക്കാനുള്ള നിയമവ്യവസ്ഥ കര്‍ശനമായി നടപ്പിലാക്കാന്‍ എക്സൈസ് സേനയ്ക്ക് മന്ത്രി എം.ബി. രാജേഷ് നിര്‍ദേശം നല്‍കി. മയക്കുമരുന്ന് വ്യാപനത്തിന്‍റെയും ഉപഭോഗത്തിന്‍റെയും വ്യാപ്തി കുറയ്ക്കുന്നതിന് ഈ നിയമം ഫലപ്രദമായി ഉപയോഗിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചതെന്നും മന്ത്രി അറിയിച്ചു.

ലഹരിമരുന്ന് നിരോധന നിയമപ്രകാരം കേരളത്തില്‍ ആദ്യമായി ഒരു പ്രതി കരുതല്‍ തടങ്കലിലായത് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലാണ്. ഒന്നുമുതല്‍ രണ്ട് വര്‍ഷം വരെ ഇയാളെ ജാമ്യമില്ലാതെ തടവില്‍വെക്കാനാവും. ഇതിന് പുറമേ ആറ് പ്രതികളുടെ കരുതല്‍ തടങ്കല്‍ അപേക്ഷ കൂടി വിവിധ തലത്തിലെ പരിഗണനയിലുണ്ട്. ജില്ലകളില്‍ കൂടുതല്‍ പ്രതികളുടെ പട്ടിക തയ്യാറാക്കുകയുമാണ്. എക്സൈസ് ശുപാര്‍ശ ചെയ്യുന്ന കേസുകള്‍, നിയമവകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സ്ക്രീനിംഗ് കമ്മിറ്റി പരിശോധിച്ചാണ് കരുതല്‍ തടങ്കല്‍ ആവശ്യമാണോ എന്ന് നിശ്ചയിക്കുന്നത്. സ്ക്രീനിംഗ് കമ്മിറ്റി ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ആഭ്യന്തര വകുപ്പ് സെക്രട്ടറിയാണ് കരുതല്‍ തടങ്കലിന് ഉത്തരവിടുന്നത്. ഇതിന് പിന്നാലെ പ്രതിയെ അറസ്റ്റ് ചെയ്ത് തടങ്കലിലാക്കും. കരുതല്‍ തടങ്കല്‍ ഉത്തരവ് ഹൈക്കോടതി ജഡ്ജിമാരുടെ നേതൃത്വത്തിലുള്ള ജഡ്ജസ് കമ്മിറ്റിയുടെ അംഗീകാരത്തിന് വിധേയവുമായിരിക്കും.
أحدث أقدم