ഓഗസ്റ്റിൽ കനത്ത മഴ; ന്യൂനമർദ്ദം വന്നാൽ തീവ്രത കൂടാം; പ്രളയ സാധ്യത പറയാറായിട്ടില്ലെന്ന് വിദഗ്ധർ

 


തിരുവനന്തപുരം: 2018 ഓഗസ്റ്റില്‍ നടന്ന ആദ്യ പ്രളയത്തിനു ശേഷം എല്ലാ ഓഗസ്റ്റിലും അതിതീവ്ര മഴയോ തീവ്ര മഴയോ ലഭിച്ച സാഹചര്യമാണ് കേരളത്തിലുള്ളത്. ഇത്തവണയും ഓഗസ്റ്റിൽ വലിയ തോതിൽ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഓഗസ്റ്റ്, സെപ്തംബർ മാസങ്ങളിൽ കനത്ത മഴയായിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് പറയുന്നു. സാധാരണയിൽ കവിഞ്ഞ മഴ എന്നതാണ് ഇപ്പോഴത്തെ പ്രവചനം. ഈ മഴ കൂടുതൽ കേരളത്തിന്റെ വടക്കൻ പ്രദേശങ്ങളിലാണ് ലഭിക്കുക.

തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളിൽ ഈ മാസങ്ങളിൽ സാധാരണയെക്കാൾ താഴ്ന്ന ശക്തിയുള്ള മൺസൂൺ മഴ മാത്രമായിരിക്കും ലഭിക്കുക.

ഇക്കഴിഞ്ഞ ജൂലൈ മാസത്തിൽ 760 എംഎം മഴയാണ് സംസ്ഥാനത്ത് ലഭിച്ചത്. സാധാരണ ലഭിക്കുന്നതിനെക്കാൾ 16 ശതമാനം അധികമാണിത്. അതെസമയം എറണാകുളം, ഇടുക്കി എന്നീ ജില്ലകളിൽ ഈ വർഷത്തെ മൺസൂണിൽ സാധാരണയെക്കാൾ താഴ്ന്ന മഴയാണ് ലഭിച്ചത്.

അതെസമയം ഈ വർഷം പ്രളയ സാധ്യതയുണ്ടോ എന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല. ജൂലൈ 14ന് കാലാവസ്ഥാ കേന്ദ്രം മേധാവി നീത കെ ഗോപാൽ കേരള കൗമുദിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത് പ്രളയസാധ്യത പറയാറായിട്ടില്ല എന്നാണ്. നിലവിലെ നിരീക്ഷണത്തിൽ സാധാരണയേക്കാൾ കൂടുതൽ മഴ ലഭിക്കുമെന്ന് അവർ പറഞ്ഞു. ലാ നിന എന്ന പ്രതിഭാസം ഓഗസ്റ്റിൽ ആരംഭിച്ചേക്കും. ഇതുമൂലം കൂടിയ മഴയുണ്ടാക്കും.

പ്രളയം സംഭവിക്കാനുള്ള സാധ്യതയെക്കുറിച്ച് നീത കെ. ഗോപാൽ പറയുന്നത് ഇങ്ങനെയാണ്: "ഓഗസ്റ്റിൽ കനത്ത മഴയുണ്ടാകും. കൂടാതെ ന്യൂനമർദ്ദങ്ങളും മറ്റും വന്നാൽ മഴയുടെ തീവ്രതകൂടാം. പ്രളയ സാദ്ധ്യതയുണ്ടെന്നു ഇപ്പോൾ പറയാൻ കഴിയില്ല. ഓഖി ചുഴലിക്കാറ്റിനും പ്രളയത്തിനും മുമ്പ് അത് നേരിടാനുള്ള തയ്യാറെടുപ്പുകൾ നമുക്ക് ഉണ്ടായിരുന്നില്ല. എന്നാൽ ആ അനുഭവം ഉള്ളതുകൊണ്ടുതന്നെ അത് നേരിടാൻ നമ്മൾ സജ്ജമാണ്."

ഇപ്പോൾ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ രണ്ടാംഘട്ട കാലവർഷ പ്രവചനമാണ് വന്നിരിക്കുന്നത്. ഇത് പ്രകാരം മധ്യ വടക്കൻ കേരളത്തിൽ സാധാരണ ഈ കാലയളവിൽ ലഭിക്കുന്നതിനേക്കാൾ കൂടുതൽ മഴ ലഭിക്കും. എന്നാൽ ഉരുൾപൊട്ടലിൽ ദുരന്തം വിതച്ച വയനാട് ജില്ലയിൽ ഇനി സാധാരണ ലഭിക്കുന്നതിനേക്കാൾ കൂടുതൽ മഴയ്ക്ക് സാധ്യതയില്ല എന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം കേരളത്തിലെ മറ്റു ജില്ലകളിൽ ഈ കാലയളവിൽ സാധാരണ ലഭിക്കേണ്ടതിനേക്കാൾ മഴയിൽ കുറവ് അനുഭവപ്പെടുമെന്നും കാലാവസ്ഥ വകുപ്പ് പറയുന്നു. ഓഗസ്റ്റ് സെപ്റ്റംബർ മുഴുവൻ സീസണിൽ മധ്യ വടക്കൻ കേരളത്തിൽ സാധാരണയേക്കാൾ കൂടുതൽ മഴ ലഭിക്കുമ്പോൾ തെക്കൻ ജില്ലകളിൽ തിരുവനന്തപുരം, കൊല്ലം മേഖലയിലാണ് മഴ കുറവ് കൂടുതൽ അനുഭവപ്പെടുക.

أحدث أقدم