രഞ്ജിത്തിനെ ന്യായീകരിച്ച് പ്രതികരണം: മുഖ്യമന്ത്രിക്ക് അതൃപ്തി, സജി ചെറിയാനെ അറിയിച്ചു






തിരുവനന്തപുരം: രഞ്ജിത്തിനെ ന്യായീകരിച്ചുള്ള സാംസ്കാരിക മന്ത്രി സജി ചെറിയാൻറെ ആദ്യ പ്രതികരണത്തിൽ മുഖ്യമന്ത്രിക്ക് അതൃപ്തി. അതൃപ്തി സജി ചെറിയാനെ അറിയിച്ചു. സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്നുള്ള രഞ്ജിത്തിൻറെ രാജിക്ക് പിന്നിൽ മുഖ്യമന്ത്രിയുടെ അതൃപ്തിയാകാമെന്നാണ് സൂചന.

കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ രഞ്ജിത് ഇന്ത്യ കണ്ട പ്ര​ഗത്ഭനായ സംവിധായകനാണെന്നും കേവലം ഊഹാപോഹത്തിന്റെ അടിസ്ഥാനത്തിൽ നടപടിയെടുക്കാനാവില്ലെന്നും സജി ചെറിയാൻ പറഞ്ഞിരുന്നു. രഞ്ജിത്ത് കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ നടപടിയുണ്ടാകും. രഞ്ജിത് ഇന്ത്യ കണ്ട് പ്ര​ഗത്ഭനായ മികച്ച കലാകാരനാണ് അദ്ദേഹത്തിനെതിരെ ഇതുവരെ പരാതി ലഭിച്ചിട്ടില്ല. പരസ്യമായി ഒരു വ്യക്തി ആരോപണം ഉന്നയിച്ചു, പരസ്യമായി ആരോപണവിധേയൻ അത് തള്ളി. പരാതി ലഭിച്ചാൽ അന്വേഷിക്കും. ഇപ്പോൾ പരാതി പറയുന്ന ഒരാളും എന്തുകൊണ്ടാണ് നേരത്തെ വിവരാവകാശ കമ്മീഷനിൽ പരാതി നൽകാതിരുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മന്ത്രിയുടെ പരാമർശത്തിന് പിന്നാലെ കടുത്തവിമർശനമാണ് ഉയർന്നത്. സജി ചെറിയാന്റെ പരാമർശത്തെ തള്ളി വനിത കമ്മീഷൻ രം​ഗത്തെത്തിയിരുന്നു. വിവരം കിട്ടിയാൽ കേസെടുക്കാമെന്നും രേഖാമൂലം പരാതി വേണമെന്നില്ലെന്നും വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി പറ‍ഞ്ഞു. നിജസ്ഥിതി തെളിഞ്ഞാൽ എത്ര ഉന്നതനായാലും പുറത്താക്കണം. രഞ്ജിത്തിനെതിരായ വെളിപ്പെടുത്തലിൽ സർക്കാരിനോട് റിപ്പോർട്ട് ആവശ്യപ്പെടുമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ വ്യക്തമാക്കി. സഹിച്ച് നിൽക്കേണ്ടതില്ല, പരാതിപ്പെടാൻ ആളുകൾ ധൈര്യത്തോടെ മുന്നോട്ട് വരട്ടെയെന്നും പരാതിപെടാൻ ആരെങ്കിലും തയ്യാറായാൽ അതിൽ ഉറപ്പായും നടപടി ഉണ്ടാകുമെന്നും സതീദേവി പറഞ്ഞു.

സജി ചെറിയാനെ തിരുത്തി മന്ത്രി ആർ ബിന്ദുവും രംഗത്തെത്തിയിരുന്നു. രഞ്ജിത്തിനെതിരായ ആരോപണത്തിലെ നിജസ്ഥിതി പരിശോധിക്കണം. തീരുമാനം എടുക്കേണ്ടത് സാംസ്കാരിക വകുപ്പാണെന്നും മന്ത്രി പറഞ്ഞു. സിനിമാ മേഖല കാലങ്ങളായി അധമമായ അധികാരം നിലനിൽക്കുന്ന മേഖലയാണ്. സർക്കാരിന് സ്ത്രീകളുടെ കാര്യത്തിലുള്ളത് പോസിറ്റീവ് നിലപാടാണ്. നടിമാർക്ക് ആദ്യകാലം മുതൽ നേരിടേണ്ടി വരുന്നത് ദുരനുഭവങ്ങളാണെന്നും മന്ത്രി പറഞ്ഞു. ഈ മേഖലയിലെ ലിംഗപരമായ അസമത്വങ്ങളെ ചോദ്യം ചെയ്താണ് ​ഡബ്ല്യുസിസി വന്നത്. അവരുടെ അഭിപ്രായങ്ങളെ സ്ത്രീപക്ഷ സർക്കാർ സ്വീകരിച്ചു. ജസ്റ്റിസ് ഹേമ കമ്മറ്റി മുന്നോട്ട് വച്ച എല്ലാ നിർദേശങ്ങളും സർക്കാർ നടപ്പാക്കും. അന്തിമ തീരുമാനം എടുക്കേണ്ടത് സാംസ്കാരിക വകുപ്പ്. നടി പറഞ്ഞത് വിശ്വാസത്തിന്റെയോ അവിശ്വാസത്തിന്റെയോ പ്രശ്നമല്ലെന്നും മന്ത്രി ആർ ബിന്ദു വ്യക്തമാക്കി.

അതേസമയം സർക്കാർ വേട്ടക്കാർക്ക് വഴങ്ങിക്കൊടുത്തിരിക്കുകയാണ്. നിയമാനുസൃതമായ ഉത്തരവാദിത്തത്തിൽ വീഴ്ച വരുത്തിയ സാംസ്കാരിക മന്ത്രി സജി ചെറിയാൻ ഈ സ്ഥാനത്ത് തുടരാൻ അർഹനല്ലെന്നും വി ഡി സതീശൻ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ട് പൂഴത്തിവെക്കുകയും വേട്ടക്കാരെ ന്യായീകരിക്കുകയും കൃത്രിമം കാണിച്ച് പ്രസിദ്ധീകരിക്കുകയും ഇരയെ തള്ളിപ്പറയുകയും ചെയ്ത സജി ചെറിയാൻ ഈ സ്ഥാനം ഒഴിയുന്നതായിരിക്കും നല്ലത്. അദ്ദേഹം നിയമപ്രകാരമായ ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോടി. വിവരാവകാശ കമ്മീഷന്റെ ഉത്തരവിന് പുറമെ റിപ്പോർട്ടിൽ തിരുത്തലുകൾ വരുത്തി പ്രസിദ്ധീകരിച്ച് കൃത്രിമം കാണിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ഇതിന് പിന്നാലെയാണ് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്നും രഞ്ജിത് രാജിവെച്ചത് സർക്കാർ ആവശ്യപ്പെട്ടിട്ടല്ലെന്ന് സജി ചെറിയാൻ വ്യക്തമാക്കിയത്. സർക്കാർ ഇരയോടൊപ്പമാണ്. ഇടത് പക്ഷം സ്ത്രീ പക്ഷത്താണ്. വിഷയത്തിൽ ലഭിക്കുന്ന പരാതിയുടെ അടിസ്ഥാനത്തിൽ കർശനമായ നടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
أحدث أقدم