മഹാരാഷ്ട്രയിലെ സിന്ധുദുർഗ് കോട്ടയിൽ സ്ഥാപിച്ച ഛത്രപതി ശിവാജിയുടെ പ്രതിമ തകർന്നുവീണ സംഭവത്തിൽ മാപ്പ് ചോദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മറാഠാ വികാരത്തിന് മുറിവേറ്റതിൽ ഖേദിക്കുന്നുവെന്നും സംഭവത്തിൽ താൻ തലകുനിച്ച് മാപ്പ് തേടുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. എട്ട് മാസം മുൻപ് പ്രധാനമന്ത്രി അനാച്ഛാദനം ചെയ്ത പ്രതിമയാണ് തകർന്ന് വീണത്.
രാജ്കോട്ട് കോട്ടയിലെ 35 അടി ഉയരമുള്ള കൂറ്റൻ പ്രതിമയാണ് കഴിഞ്ഞ ഇടയ്ക്ക് നിലം പൊത്തിയത്. നാവികസേന ദിനത്തോടനുബന്ധിച്ച് കഴിഞ്ഞ ഡിസംബർ നാലിനാണ് പ്രധാനമന്ത്രി മോദി പ്രതിമ അനാച്ഛാദനം ചെയ്തത്. സംഭവത്തിൽ രണ്ട് പേർക്കെതിരെ പൊലീസ് കേസെടുത്തു. കരാറുകാരൻ ജയ്ദീപ് ആപ്‌തെയ്ക്കും സ്‌ട്രക്‌ചറൽ കൺസൾട്ടൻറ് ചേതൻ പാട്ടീലിനും എതിരെയാണ് പൊലീസ് കേസെടുത്തത്. നാവിക സേനയും സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
പ്രതിമ നിർമ്മിക്കാൻ ഉപയോഗിച്ച സ്റ്റീൽ തുരുമ്പെടുത്തിരുന്നുവെന്ന് വിശദീകരിച്ച് മന്ത്രി രവീന്ദ്ര ചവാൻ രംഗത്തെത്തിയിരുന്നു. മണിക്കൂറിൽ 45 കിലോമീറ്റർ വേഗതയിൽ വീശിയടിച്ച കാറ്റിലാണ് പ്രതിമ തകർന്നതെന്ന് മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡേ വ്യക്തമാക്കി. കഴിഞ്ഞ സെപ്തംബർ 8നാണ് പ്രതിമയുടെ നിർമ്മാണം ആരംഭിച്ചത്. നിർമ്മാണ ചുമതല ഇന്ത്യൻ നേവിയ്ക്കായിരുന്നു.