പീഡനക്കേസിൽ യുവതി പരാതി പിൻവലിച്ചു…പിന്നാലെ വീണ്ടും പീഡനം…യുവാവ് അറസ്റ്റിൽ..


മുൻ പരിചയത്തിന്റെ പേരിൽ യുവതിയെ ഒന്നിലേറെ തവണ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു. മലപ്പുറം സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് പന്തല്ലൂർ കിഴക്കുപറമ്പ് പാറക്കോടൻ വീട്ടിൽ ഡാനിഷ് മുഹമ്മദിനെ പെരിന്തൽമണ്ണ പൊലീസ് അറസ്റ്റുചെയ്തത്. ഡാനിഷ് മുഹമ്മദ് മുൻപരിചയത്തിന്റെ പേരിൽ ഏപ്രിലിൽ പെരിന്തൽമണ്ണ മൂസക്കുട്ടി ബസ് സ്റ്റാൻഡിൽ നിന്ന് കാറിൽ കയറ്റിക്കൊണ്ടുപോയി യുവതിയെ ഉപദ്രവിച്ചിരുന്നു. അന്ന് പൊലീസിൽ പരാതി നൽകാനെത്തിയെങ്കിലും ഡാനിഷ് മുഹമ്മദിന്റെ മാതാവ് ഇടപെട്ട് മകനെ കേസിൽപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ടതിനെത്തുടർന്ന് യുവതി പരാതി നൽകാതെ പിന്മാറുകയായിരുന്നു.
ഇതിന് പിന്നാലെയും യുവാവ് അതിക്രമം തുടർന്നു. ജൂൺ രണ്ടിന് ഡാനിഷ് ജോലി ചെയ്യുന്ന ഷോറൂമിലേക്ക് യുവതിയെ വിളിച്ചുവരുത്തി ശൗചാലയത്തിൽവെച്ച് ബലപ്രയോഗത്തിലൂടെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഇതേ തുടർന്ന് യുവതി പെരിന്തൽമണ്ണ പൊലീസിൽ പരാതി നൽകുകയായിരുന്നു. തിങ്കളാഴ്ച ഡാനിഷ് മുഹമ്മദ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. പ്രതി ജോലി ചെയ്യുന്ന സ്വകാര്യ സ്ഥാപനത്തിൽ ഒരുവർഷം മുമ്പ് യുവതിയും ജോലി ചെയ്തിരുന്നു.

أحدث أقدم