വയനാട് ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് പ്രവാസികളുടെ വീട്ടിൽ താൽകാലിക താമസമൊരുക്കുന്ന പദ്ധതി മുന്നോട്ട് വെച്ച് ദുബൈയിലെ മലയാളികൾ. വീട് വിട്ടുനൽകാൻ സന്നദ്ധരാകുന്നവരുടെ വിവരങ്ങൾ ശേഖരിക്കാൻ ഓൺലൈൻ സംവിധാനവും ഇവർ അവതരിപ്പിച്ചു. സംസ്ഥാന സർക്കാറുമായി കൈകോർത്ത് തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക.
വയനാട് ദുരന്തത്തിന്റെ ഇരകളായി ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന ആയിരങ്ങൾക്കാണ് നാട്ടിൽ പ്രവാസികളുടെ അടഞ്ഞു കിടക്കുന്ന വീടുകളിൽ താൽകാലിക താമസത്തിന് അവസരമൊരുക്കുക. സ്വന്തം വീട് വിട്ടുനൽകാൻ സന്നദ്ധരായ പ്രവാസികൾക്ക് supportwayanad.com എന്ന വെബ്‌സൈറ്റിൽ വിവരങ്ങൾ രജിസ്റ്റർ ചെയ്യാം. കേരളത്തിലെയും അയൽസംസ്ഥാനത്തെയും വീടുകൾ, ഹോട്ടൽ മുറികൾ, റിസോർട്ടുകൾ എന്നിവ ഇതിൽ രജിസ്റ്റർ ചെയ്യാനാകും. എത്രപേർക്ക് താമസിക്കാം, എത്രകാലത്തേക്ക് താമസം നൽകാം തുടങ്ങിയ വിശദാംശങ്ങളടക്കമാണ് രജിസ്‌ട്രേഷൻ പൂർത്തിയാക്കേണ്ടത്. ഈ വിവരങ്ങൾ സംസ്ഥാന സർക്കാറിന് ലഭ്യമാക്കും.
വയനാട് ദുരിതാശ്വാസത്തിന് രൂപീകരിച്ച വകുപ്പ് താമസത്തിന് അർഹതയുള്ളവരെ നിർദേശിക്കും. വീട് സ്ഥിതിചെയ്യുന്ന സ്ഥലത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ താമസത്തിന്റെ മേൽനോട്ടം നിർവഹിക്കും. ഇക്കാര്യങ്ങൾ മുഖ്യമന്ത്രിയടമുള്ളവരുമായി ചർച്ച ചെയ്തുവെന്നും നേതൃത്വം നൽകുന്നവർ പറഞ്ഞു.
താമസത്തിന് പുറമേ, വീടുകളിലേക്ക് ദുരിതബാധിതരെ എത്തിക്കാനുള്ള ട്രാൻസ്‌പോർട്ടിങ്, ആരോഗ്യശുശ്രൂഷ എന്നിവക്കും വെബ്‌സൈറ്റിൽ സംവിധാനമുണ്ടാകും. ലോകമെമ്പാടുമുള്ള പ്രവാസികൾക്ക് വയനാട്ടിലെ ദുരിതബാധിതരെ സഹായിക്കാനുള്ള സംരംഭത്തിന് സാങ്കേതിക സൗകര്യമൊരുക്കുകയാണ് സംവിധാനത്തിന്റെ ലക്ഷ്യം. കോവിഡ് കാലത്തും യു.എ.ഇയിലെ പ്രളയകാലത്തും നടത്തിയ ദുരിതാശ്വാസപ്രവർത്തനങ്ങളാണ് ഈ ആശയത്തിന് പ്രചോദനമായതെന്ന് മുനീർ അൽവഫ, ദീപു എ.എസ്, ഫൈസൽ മുഹമ്മദ്, അമൽഗിരീഷ് എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു..