'
കോഴിക്കോട്: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ചർച്ചയല്ല ആക്ഷനാണ് വേണ്ടതെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. നാലര വർഷം റിപ്പോർട്ടിന്മേൽ അടയിരുന്നതിന് മുഖ്യമന്ത്രി മറുപടി പറയണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു. മന്ത്രി സജി ചെറിയാൻ്റേത് മുടന്തൻ ന്യായമാണ്. ഇരകൾക്ക് കോടതിയുടെ സംരക്ഷണമുള്ളതിനാൽ പൊലീസിന് കേസെടുക്കാം. വാതിലിൽ മുട്ടുന്ന വിദ്വാൻമാരെ ജനമറിയട്ടെ. സ്ക്രീനിൽ തിളങ്ങുന്നവരുടെ യഥാർത്ഥ മുഖം ജനം മനസ്സിലാക്കട്ടെ. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ കേസെടുത്തതിനാൽ നടിയുടെ അവസരം നഷ്ടമായിട്ടില്ലല്ലോ എന്നും കെ മുരളീധരൻ ചോദിച്ചു.
സാങ്കേതികത്വം പറഞ്ഞ് കേസെടുക്കുന്നതിൽ നിന്ന് സർക്കാരിന് ഒഴിഞ്ഞ് മാറാനാവില്ലെന്ന് കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതികരിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ട് വൈകിച്ചതിനാൽ മുഖ്യമന്ത്രി കുറ്റക്കാർക്കൊപ്പമാണെന്ന് കരുതേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.
മലയാള സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന വിവേചനങ്ങള്‍ സംബന്ധിച്ച് വിശദമായി പഠിച്ച് തയ്യാറാക്കിയ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് 2019 ഡിസംബര്‍ 31നായിരുന്നു സര്‍ക്കാരിന് കൈമാറിയത്. മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് നല്‍കിയ റിപ്പോര്‍ട്ടില്‍ 300 പേജുകളാണുള്ളത്. ഡബ്ല്യുസിസി ഉള്‍പ്പെടെ പലവട്ടം ആവശ്യപ്പെട്ടിട്ടും റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. ഒടുവില്‍ വിവരാവകാശ കമ്മീഷന്റെ ഇടപെടലിന് പിന്നാലെയാണ് റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഓഗസ്റ്റ് 19ന് പുറത്തുവിട്ട ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സിനിമാ ലോകത്തെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നത്. കാസ്റ്റിംഗ് കൗച്ച് അടക്കമുള്ള പല കാര്യങ്ങളും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. സിനിമാ മേഖലയിൽ നടക്കുന്നത് മനുഷ്യാവകാശ ലംഘനങ്ങളാണെന്നാണ് റിപ്പോർട്ട് പറഞ്ഞുവെക്കുന്നത്.
2017 ജൂലൈയിലാണ് സിനിമയിലെ സ്ത്രീ വിവേചനങ്ങള്‍ സംബന്ധിച്ച് പഠിക്കാനായി ഹേമ കമ്മിറ്റിയെ നിയമിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ജസ്റ്റിസ് കെ ഹേമ (റിട്ടയേര്‍ഡ്) അധ്യക്ഷയായി മുന്‍ ബ്യൂറോക്രാറ്റ് കെ ബി വത്സലകുമാരിയും മുതിര്‍ന്ന നടി ശാരദയും അംഗങ്ങളായ മൂന്നംഗ കമ്മിറ്റിയാണ് സര്‍ക്കാര്‍ രൂപീകരിച്ചത്. ചലച്ചിത്രമേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന അനീതിയും അക്രമവും പരിശോധിക്കുന്നതിനും പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനുമാണ് കമ്മിറ്റിയെ നിയമിച്ചത്. സിനിമാ വ്യവസായത്തിന്റെ ആഭ്യന്തര പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാന്‍ ഇത്തരത്തിലുള്ള ഒരു കമ്മീഷന്‍ രൂപീകരിക്കുന്നത് ഇന്ത്യയില്‍ ആദ്യമായായിരുന്നു.