സുകുമാര കുറുപ്പ് മോഡൽ കൊലപാതകം’ പ്രതി പിടിയിൽ….


ഇൻഷുറൻസ് തുക ലഭിക്കാൻ സ്വന്തം മരണം ആവിഷ്ക്കരിച്ച വ്യവസായിയും സുഹൃത്തും അറസ്റ്റിൽ. ബംഗളൂരുവിലാണ് സംഭവം. ഹൊസ്‌കോട്ടെ സ്വദേശി മുനിസ്വാമി ഗൗഡ, ലോറിഡ്രൈവർ ദേവേന്ദ്ര നായക എന്നിവരാണ് അറസ്റ്റിലായത്. മുനിസ്വാമി ഗൗഡയോട് സാമ്യം തോന്നുന്ന വ്യക്തിയെ കണ്ടെത്തിയ ​ഗൗഡയും ഭാര്യ ശിൽപ റാണിയും ഇയാളെ തന്ത്രപൂർവം കൊലപ്പെടുത്തുകയും ഇൻഷുറൻസ് തുക കൈക്കലാക്കാൻ ശ്രമിക്കുകയുമായിരുന്നു.

ഓ​ഗസ്റ്റ് 13നായിരുന്നു കൊലപാതകം. ഗൗഡയും ഭാര്യ ശിൽപറാണിയും വിവിധ ഇൻഷുറൻസുകളിൽ അം​ഗത്വം എടുത്തിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ടതോടെ ഇൻഷുറൻസ് തുക വാങ്ങാൻ ഇവർ ​ഗൗഡയുടെ മരണം ആവിഷ്കരിക്കുകയായിരുന്നു. ​ഗൗഡയോട് സാമ്യം തോന്നുന്ന ഭിക്ഷാടകനെ കണ്ടെത്തിയ ശേഷം ഇരുവരും അദ്ദേഹവുമായി സൗഹൃദത്തിലായി. യാത്ര പോകാനെന്ന് പറഞ്ഞ് ഭിക്ഷാടകനെ കാറിൽ കയറ്റി, യാത്ര തുടർന്നു. ആളൊഴിഞ്ഞ പ്രദേശത്ത് എത്തിയതോടെ കാറിന്റെ ടയർ പഞ്ചറായെന്ന് പറഞ്ഞ് ​ഗൗഡ പുറത്തിറങ്ങി. പിന്നാലെ സഹായിക്കാൻ ആവശ്യപ്പെട്ട് കൂടെ വന്നയാളെയും കാറിൽ നിന്നിറക്കി. മുൻകൂട്ടി നിശ്ചയിച്ച പ്രകാരം ലോറിയുമായെത്തിയ ​ഗൗഡയുടെ സുഹൃത്ത് ദേവേന്ദ്രയുടെ വാഹനത്തിനടിയിലേക്ക് പ്രതികൾ ഭിക്ഷാടനെ തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു. റോഡപകടമെന്ന് തോന്നിക്കും വിധത്തിലായിരുന്നു സംഭവങ്ങൾ.
അധികം വൈകാതെ സംസ്കാരവും നടത്തി. ഭർത്താവ് വാഹനമിടിച്ച് കൺമുന്നിൽ വെച്ച് കൊല്ലപ്പെട്ടുവെന്ന് ഭാര്യ ശിൽപ പൊലീസുകാരെയും ധരിപ്പിച്ചു. ഇതിനിടെ ഇൻഷുറൻസ് തുക കൈപ്പറ്റാനുള്ള നീക്കവും സംഘം നടത്തിയിരുന്നു. എന്നാൽ ശ്രമങ്ങൾ പുരോ​ഗമിക്കുന്നതിനിടെ പിടിക്കപ്പെടുമോ എന്ന ഭയം ഉടലെടുത്തു. ഇതോടെയാണ് സഹായത്തിനായി സുഹൃത്തായ പൊലീസ് ഉദ്യോ​ഗസ്ഥനെ സമീപിക്കുന്നത്. എന്നാൽ വിശ്വാസത്തിനെതിരായിരുന്നു ഉദ്യോ​ഗസ്ഥന്റെ പ്രതികരണം. മരണപ്പെട്ടുപോയ ​ഗൗഡയെ ജീവനോടെ കണ്ടതോടെ അമ്പരന്ന പൊലീസുദ്യോ​ഗസ്ഥൻ കാര്യങ്ങൾ ചോദിച്ചറിഞ്ഞതോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്. പിന്നാലെ ഹാസൻ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. സംഭവത്തിൽ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇയാളുടെ ഭാര്യ ശിൽപ ഒളിവിലാണ്.


أحدث أقدم