നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെടുത്തു; യുവതിയും ആൺസുഹൃത്തുക്കളും അറസ്റ്റിൽഒന്നാം പ്രതി തന്നെയാണ് തെളിവെടുപ്പിനിടെ കുഞ്ഞിനെ കുഴിച്ചിട്ട സ്ഥലം കാട്ടിക്കൊടുത്തത്.





ആലപ്പുഴ: തകഴി കുന്നമ്മയിൽ നവജാത ശിശുവിനെ കുഴിച്ചിട്ട സംഭവത്തിൽ കുഞ്ഞിന്‍റെ മൃതദേഹം കണ്ടെടുത്തു. പ്രസവത്തോടെ കുഞ്ഞ് മരിച്ചെന്നും മൃതദേഹം മറവുചെയ്യാനായി തന്‍റെ ആൺസുഹൃത്തിനെ ഏൽപ്പിച്ചെന്നുമാണ് യുവതി പൊലീസിന് മൊഴി നൽകിയത്. തുടർന്നു നടത്തിയ അന്വേഷണത്തിൽ തകഴി സ്വദേശികളായ വിരുപ്പാല രണ്ടുപറ പുത്തൻ പറമ്പ് തോമസ് ജോസഫ് (24), സുഹൃത്ത് തകഴി ജോസഫ് ഭവൻ അശോക് ജോസഫ് (30) എന്നിവരെ കസ്റ്റഡിയിലെടുത്തിരുന്നു.

'
തോമസ് ജോസഫിന്‍റെ പൂച്ചാക്കൽ സ്വദേശിനിയായ പെൺസുഹൃത്ത് ഈ മാസം 7നു പ്രസവിച്ച പെൺകുഞ്ഞിന്‍റെ മൃതദേഹമാണ് പ്രതികൾ മറവു ചെയ്തത്. പ്രതികളെ ചോദ്യം ചെയ്ത ശേഷം കുട്ടിയെ കുഴിച്ചുമൂടിയെന്നു പറയുന്ന സ്ഥലത്തെത്തിച്ചു. കൊല്ലനാടി പാടശേഖരത്ത് തെക്കേ ബണ്ടിനു സമീപം മൃതദേഹം കണ്ടെത്തി. ഒന്നാം പ്രതി തന്നെയാണ് തെളിവെടുപ്പിനിടെ കുഞ്ഞിനെ കുഴിച്ചിട്ട സ്ഥലം കാട്ടിക്കൊടുത്തത്. മൃതദേഹം പുറത്തെടുത്ത് ഇൻക്വസ്റ്റ് നടപടികൾ അവിടെ നടത്തി. പിന്നീട് പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയി.


വീട്ടിൽ പ്രസവിച്ച യുവതി കുഞ്ഞിനെ യുവാവിന്‍റെ കൈകളിൽ കൊടുത്തുവിടുകയായിരുന്നു എന്നാണ് വിവരം. വയറുവേദനയെ തുടർന്ന് പിന്നീട് യുവതി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. സംശയം തോന്നിയ ആശുപത്രി അധികൃതർ രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ മാത്രമേ ചികിത്സ നൽകാനാകൂ എന്നറിയിച്ചു. തുടർന്ന് രക്ഷിതാക്കൾ ആശുപത്രിയിൽ എത്തിയതോടെയാണ് പ്രസവം നടന്ന വിവരം അറിയുന്നത്. കുഞ്ഞിനെ കുറിച്ച് ചോദിച്ചപ്പോൾ യുവാവിന്‍റെ കൈവശം അമ്മത്തൊട്ടിലിൽ നൽകാനായി ഏൽപ്പിച്ചെന്നാണ് ആദ്യം പറഞ്ഞതെങ്കിലും കുഞ്ഞിനെ കണ്ടെത്താനായില്ല. തുടർന്ന് വനിതാ പൊലീസ് ഉദ്യോഗസ്ഥരെത്തി കൂടുതൽ ചോദ്യം ചെയ്തു. അപ്പോഴാണ് കുഞ്ഞിനെ കുഴിച്ചുമൂടിയ കാര്യം യുവതി വെളിപ്പെടുത്തിയത്. പെൺകുട്ടിയുടെ സുഹൃത്തായ തോമസിനെയും സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

കുട്ടിയെ കൊലപ്പെടുത്തിയതാണോ, പ്രസവത്തിൽ മരിച്ചതാണോ എന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ വ്യക്തമാകൂ. യുവതി ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. രാജസ്ഥാനിൽ പഠിച്ചുകൊണ്ടിരുന്നപ്പോഴാണ് പെൺകുട്ടിയും തോമസും പ്രണയത്തിലായത്. ഒന്നരവർഷമായി തിരുവനന്തപുരത്ത് ജോലി ചെയ്തു വരുകയായിരുന്നു. ഗർഭിണിയാണെന്ന വിവരം ഇവർ വീട്ടുകാരെ അറിയിച്ചിരുന്നില്ല.


أحدث أقدم