ബിജെപിയുടെ അംഗബലം 96 ആയി ഉയര്‍ന്നു. എന്‍ഡിഎയുടേത് 112 ആയും ഉയര്‍ന്നു. ബിജെപിയുടേത് കൂടാതെ, എന്‍ഡിഎ സഖ്യകക്ഷികളായ എന്‍സിപി അജിത് പവാര്‍, രാഷ്ട്രീയ ലോക് മഞ്ച് എന്നിവയിലെ അംഗങ്ങളുമാണ് രാജ്യസഭയിലേക്ക് വിജയിച്ചത്.
245 അംഗ രാജ്യസഭയില്‍ നിലവില്‍ എട്ടുപേരുടെ ഒഴിവുണ്ട്. അതിനാല്‍ 237 അംഗ സഭയില്‍ ഭൂരിപക്ഷത്തിനുവേണ്ടത് 119 അംഗങ്ങളാണ്. നാമനിര്‍ദേശം ചെയ്യപ്പെട്ട 6 അംഗങ്ങളുടെയും ഒരു സ്വതന്ത്രന്റെയും പിന്തുണയോടെയാണ് എന്‍ഡിഎ രാജ്യസഭയില്‍ കേവല ഭൂരിപക്ഷം നേടിയത്. ജമ്മു കശ്മീരില്‍ നിന്നും നാലും നോമിനേറ്റ് ചെയ്യപ്പെടുന്ന നാലുപേരുടെയും ഒഴിവുകളാണ് നികത്താനുള്ളത്.
രാജ്യസഭയില്‍ ഭൂരിപക്ഷത്തിനായി ബിജെപി കഴിഞ്ഞ ഒരു ദശാബ്ദമായി ശ്രമിച്ചു വരികയായിരുന്നു. നിര്‍ണായ ബില്ലുകള്‍ പാസ്സാക്കുന്നതിന് രാജ്യസഭയില്‍ എന്‍ഡിഎയ്ക്ക് ഭൂരിപക്ഷം ആവശ്യമാണ്. ചൊവ്വാഴ്ച 9 ബിജെപി അംഗങ്ങള്‍ ഉല്‍പ്പെടെ 12 പേരാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. കേന്ദ്രസഹമന്ത്രി രവനീത് ബിട്ടുവും തെരഞ്ഞെടുക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.
കെ സി വേണുഗോപാല്‍ ഒഴിഞ്ഞ സീറ്റിലാണ് മുന്‍ കോണ്‍ഗ്രസ് നേതാവ് കൂടിയായ രവനീത് ബിട്ടു തെരഞ്ഞെടുക്കപ്പെട്ടത്. എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടവരില്‍ കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിങ്‌വിയും ഉള്‍പ്പെടുന്നു. തെലങ്കാനയില്‍ നിന്നാണ് സിങ്‌വി രാജ്യസഭയിലേക്കെത്തുന്നത്. ഇതോടെ പ്രതിപക്ഷത്തിന്റെ അംഗബലം 85 ആയി ഉയര്‍ന്നു.