എത്ര ബോധവൽക്കരിച്ചാലും ചെന്ന് പെടുന്ന സ്വഭാവമാണ് മലയാളികൾക്ക് : വീണ്ടും മുന്നറിയിപ്പ് : ഓൺലൈൻ ലോൺ ആപ്പുകളിലെ തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്




ചെറിയ കാലയളവിലേക്ക് ഉയർന്ന പലിശ ഈടാക്കി ജീവിതത്തെ പ്രതിസന്ധിയിലാക്കുന്ന ലോൺ ആപ്പുകൾക്കെതിരെ കർശന നടപടിയുമായി മുന്നോട്ട് പോവുകയാണ് പോലീസ്.

അയ്യായിരം മുതൽ പതിനായിരം രൂപ വരെയുള്ള ലോണുകൾക്ക് വേണ്ടിയാണ് തട്ടിപ്പു സംഘത്തെ ബന്ധപ്പെടുന്നത്. ആദ്യം തട്ടിപ്പ് സംഘം ചെയ്യുന്നത് ഒരു ആപ്പോ, ലിങ്കോ അയച്ചുനൽകും. ഈ ആപ്പിലൂടെ മൊബൈൽ ഫോണിലുള്ള കോൺടാക്റ്റ്സ് കവരുകയാണ് ഇവർ ലക്ഷ്യമിടുന്നത്. ഇതോടൊപ്പം ഗ്യാലറി, മെസേജ് ഇവയും സ്വന്തമാക്കും.

ലോൺ അനുവദിക്കുന്നതിന് ആധാർ കാർഡ്, പാൻ കാർഡ്, ഫോട്ടോ എന്നിവയാണ് ആവശ്യപ്പെടുന്നത്. ഇത് ദുരുപയോഗിക്കപ്പെടാനുള്ള സാധ്യത ഏറെയാണ്. ഇതു പോലെ ലോണിനു വേണ്ടി പാൻ കാർഡ് നൽകി അത് ഉപയോഗിച്ച് കോടികളുടെ ജി.എസ്.ടി തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട് ജില്ലയിൽ കേസുണ്ട്.

തട്ടിപ്പു സംഘം നേരിട്ടല്ല ഇത്തരം ലോണുകൾ നൽകുന്നതെന്ന യാഥാർത്ഥ്യവും നിലവിലുണ്ട്. ഇതു പോലെ ലോൺ എടുത്തവർ അവർ തിരിച്ചടയ്‌ക്കുന്ന പലിശ, പുതുതായി അപേക്ഷിച്ചിട്ടുള്ളവർക്ക് ഇട്ടു കൊടുക്കും. ഇത് ചെയിനായി തുടരും. 5000 രൂപ ലോണെടുക്കുന്നവർക്ക് 3500 രൂപയാണ് ലഭിക്കുക.

ഇരുപത്തയ്യായിരവും, അമ്പതിനായിരവും തിരിച്ചടച്ചിട്ടും തീരാത്തവർ നിരവധിയാണ്. തിരിച്ചടവ് വൈകിയാൽ പ്രശ്നങ്ങൾ തുടങ്ങുകയായി. ആദ്യം മൊബൈലിലുള്ള നമ്പറുകളിലേക്ക് ലോൺ എടുത്തയാളുടെ വിവരങ്ങളടങ്ങിയ ഭീഷണി സന്ദേശം ആദ്യം അയക്കും. തുടർന്ന് മോർഫ് ചെയ്ത നഗ്ന ചിത്രങ്ങളും തുടർന്ന് ലോൺ എടുത്തയാളെ കുറ്റവാളിയായി ചിത്രീകരിക്കുന്ന മെസേജും, അയക്കും. ഇതിലൂടെ ലോൺ എടുത്തയാൾ മാനസികമായി തകരുകയുമാണ് ചെയ്യുന്നത്.

ഇനി ലോൺ അടയ്‌ക്കാൻ കഴിയില്ലെങ്കിൽ സമാനമായി ലോൺ തരുന്ന ആപ്പുകളെ പരിജയപ്പെടുത്തി നൽകുകയും അവരിലൂടെ പുതിയ ലോൺ എടുക്കാൻ പ്രേരിപ്പിക്കുകയും കൂടുതൽ ബാധ്യതക്കാരായി തീർക്കുകയുമാണ് ചെയ്യുന്നത്. എത്ര തുക അടച്ചാലും ഇത്തരം ലോൺ തീരുന്നതിനുള്ള സാധ്യത കുറവാണെന്നതാണ് മറ്റൊരു സംഗതി.

വിദേശനിർമ്മിത ആപ്പുകളാണ് ഇതിന് വേണ്ടി ഉപയോഗിക്കുന്നത്. ബന്ധപ്പെടാൻ ഉപയോഗിക്കുന്നത് വ്യാജ മൊബൈൽ നമ്പറും. +92, +94 തുടങ്ങിയ നമ്പറുകളിൽ നിന്നാണ് വാട്സാപ്പ് കോളുകളും, മെസേജും വരുന്നത്. പ്രത്യേക ആപ്പുകളിലൂടെയാണ് ഇത്തരം നമ്പറുകൾ നിർമ്മിക്കുന്നത്. പാക്കിസ്ഥാൻ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളതാണ് ഇതുപോലുള്ള നമ്പറുകൾ.

ഇത്തരം തട്ടിപ്പുകളെക്കുറിച്ച് പോലീസ് നിരന്തരമായ മുന്നറിയിപ്പുകൾ നൽകുന്നുണ്ടെന്നും ജനങ്ങൾ ജാഗ്രതയോടെ ഇരിക്കണമെന്നും ജില്ലാ പോലീസ് മേധാവി ഡോ: വൈഭവ് സക്സേന പറഞ്ഞു. ഇവരുടെ കെണിയിൽ അകപ്പെടാതിരിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. അപകടം പിണഞ്ഞാൽ ഉടൻ തന്നെ പോലീസുമായി ബന്ധപ്പെടണം. 1930 എന്ന നമ്പറിലും പരാതി നൽകാം.

കുറുപ്പംപടിയിൽ യുവതി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. സൈബർ വിദഗ്ദരെ കൂടി ഉൾപ്പെടുത്തി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. പെരുമ്പാവൂർ എ.എസ്.പി മോഹിത് റാവത്തിന്റെ മേൽനോട്ടത്തിൽ കുറുപ്പംപടി എസ്.എച്ച്.ഒ വി .എം കേഴ്സൻ ഉൾപ്പെടുന്ന 15 അംഗ ടീമാണ് കേസ് അന്വേഷിക്കുന്നത്
أحدث أقدم