കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് അസിസ്റ്റന്‍റ് എഞ്ചിനീയർ അറസ്റ്റിൽ…





വെച്ചൂച്ചിറ : കൈക്കൂലി വാങ്ങിയ പഞ്ചായത്ത് അസിസ്റ്റന്‍റ് എഞ്ചിനീയർ അറസ്റ്റിൽ. ബിൽ തുക മാറി നൽകാൻ കരാറുകാരനില്‍ നിന്ന് 37,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വെച്ചൂച്ചിറ പഞ്ചായത്തിലെ അസിസ്റ്റന്‍റ് എഞ്ചിനീയർ വിജി വിജയന്‍ വിജിലൻസിന്‍റെ പിടിയിലായത്. പഞ്ചായത്തിലെ കുളം നവീകരണത്തിന് ഒമ്പതര ലക്ഷം രൂപ നേരത്തേ നൽകിയിരുന്നു. അന്നും ഇവര്‍ കൈക്കൂലി ആവശ്യപ്പെട്ടിരുന്നെങ്കിലും കരാറുകാരൻ നൽകിയില്ല. തുടർന്ന് അന്തിമ ബില്ലായ 12.5 ലക്ഷം രൂപ നൽകണമെങ്കിൽ ആദ്യ ബില്ലിന്‍റെ കൈക്കൂലിയും ചേർത്ത് ഒരു ലക്ഷം രൂപ വേണമെന്നാണ് വിജി ആവശ്യപ്പെട്ടത്.

തുക കുറയ്ക്കണമെന്ന് പല തവണ അസിസ്റ്റന്‍റ് എഞ്ചിനീയറോട് അഭ്യർഥിച്ചു. ഇതോടെ തിങ്കളാഴ്ച 50,000 രൂപ തന്നാൽ മതിയെന്ന് അറിയിച്ചു. കരാറുകാരൻ അപ്പോൾതന്നെ കൈവശമുണ്ടായിരുന്ന 13,000 രൂപ കൈമാറി. ബാക്കി 37,000 രൂപയുമായി ബുധനാഴ്ച ഓഫീസിലെത്താൻ നിർദേശിച്ചിരുന്നു. ഈ വിവരം കരാറുകാരൻ വിജിലൻസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കരാറുകാരൻ ഓഫീസിലെത്തി പണം കൈമാറുന്നതിനിടെ വിജിലൻസ് സംഘം വിജിയെ പിടികൂടുകയായിരുന്നു.
أحدث أقدم