കട്ടപ്പുറത്തുനിന്നിറങ്ങാതെ നവകേരള ബസ്

കോഴിക്കോട്: ഒരു മാസം കഴിഞ്ഞിട്ടും കട്ടപ്പുറത്തു നിന്നിറങ്ങാതെ നവകേരള ബസ്. യാത്രക്കാരില്ലാതെ ജൂലൈ 21ന് സര്‍വീസ് അവസാനിപ്പിച്ച നവകേരള ബസ് കോഴിക്കോട് കെഎസ്ആര്‍ടിസി റീജനല്‍ വര്‍ക്ക് ഷോപ്പില്‍ പൊടിപിടിച്ചു കിടക്കുകയാണ്. അറ്റകുറ്റപ്പണി നടത്തി ബസ് വീണ്ടും സർവീസ് ആരംഭിക്കുമെന്ന് കെഎസ്ആർടിസി അറിയി‌ച്ചെങ്കിലും ഓണം അടുത്തിട്ടും ബസിന്‍റെ അറ്റകുറ്റപ്പണികൾ എങ്ങുമെത്തിയിട്ടില്ല.

ശുചിമുറി ഒഴിവാക്കി ആ ഭാഗത്തുകൂടി സീറ്റ് പിടിപ്പിക്കുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ബസ് വര്‍ക്ക് ഷോപ്പില്‍ കയറ്റിയത്. തിരുവനന്തപുരത്ത് നിന്ന് വ്യക്തമായ നിർദേശങ്ങൾ വരാത്തതിനാൽ പണികൾ നടക്കുന്നില്ല.

അമിതമായ യാത്രാ നിരക്കാണ് കൊട്ടിഘോഷിച്ച് സർവീസിനിറക്കിയ നേവകേരള ബസിനോട് യാത്രക്കാർ മുഖം തിരിക്കാൻ കാരണം. 1250 രൂപയോളമാണ് ബംഗളൂരിലേക്കുള്ള ടിക്കറ്റ് ചാര്‍ജ്. എവിടെ നിന്ന് എവിടേക്ക് കയറിയാലും ഇതേ ചാര്‍ജ് നല്‍കണം. 800 രൂപയിൽ താഴെ നൽകി സെമി സ്ലീപ്പറിൽ ബംഗളൂരിലേക്ക് യാത്ര ചെയ്യാൻ കഴിയുമെന്നിരിക്കെയാണ് നവകേരള ബസിലെ അമിത ചാർജ് യാത്രക്കാരെ അകറ്റി.

ഒരു ദിവസം 40,000 രൂപയെങ്കിലും വരുമാനം ലഭിച്ചാലേ ബസ് നഷ്ടമില്ലാതെ ഓടിക്കാനാകൂ. എന്നാല്‍ പല ദിവസങ്ങളിലും അഞ്ചും ആറും യാത്രക്കാരുമായി സര്‍വീസ് നടത്തേണ്ടി വന്നതോടെ സർവീസ് നിർത്തിവയ്ക്കാൻ കെഎസ്ആർടിസി നിർബന്ധിതമാകുകയായിരുന്നു. ജൂലൈ ആദ്യം മൂന്നു ദിവസങ്ങളില്‍ സര്‍വീസ് പൂര്‍ണമായും നിര്‍ത്തിയശേഷം പുനഃരാരംഭിച്ചെങ്കിലും യാത്രക്കാർ കയറായതായതോ‌ടെ ബസ് കട്ടപ്പുറത്ത് കയറ്റി.
26 സീറ്റുകളാണ് നേവകേരള ബസിലുള്ളത്. പുലര്‍ച്ചെ നാലിന് കോഴിക്കോട് നിന്ന് പുറപ്പെട്ട് ഉച്ചയോടെ ബെംഗളൂരു എത്തി ഉച്ചതിരിഞ്ഞ് 2.30ന് തിരിച്ചു പോരുന്ന രീതിയിലായിരുന്നു സമയക്രമം. ഓണമാകുമ്പോഴേക്കും പുതിയ സമയക്രമമുണ്ടാക്കി ബസ് സര്‍വീസ് പുനരാരംഭിക്കാനാണ് കെഎസ്ആര്‍ടിസി തീരുമാനം.


أحدث أقدم