വയനാട് ദുരന്തം: ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ നൽകി ചിരഞ്ജീവിയും റാം ചരണും




വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന് ഇരയായവർക്ക് ധനസഹായവുമായി തെന്നിന്ത്യൻ താരങ്ങളായ റാം ചരണും ചിരഞ്ജീവിയും. ഒരു കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് താരങ്ങൾ സംഭാവന ചെയ്തത്.

'കേരളത്തിലെ പ്രകൃതിക്ഷോഭത്തിൽ ജീവൻ നഷ്ടപ്പെട്ട നൂറുകണക്കിനു പേരുടെ വിയോഗത്തിൽ അതീവമായി ദുഃഖിക്കുന്നു. വയനാട് ദുരന്തത്തിന് ഇരയായവരെ ഓർത്ത് ഹൃദയം നുറുങ്ങുകയാണ്. ദുരിതബാധിതരായവരോടുള്ള ഞങ്ങളുടെ പിന്തുണയുടെ അടയാളമായി ഞാനും ചരണും ചേർന്ന് ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറുകയാണ്. ഈ വേദനകളിൽ നിന്നു മുക്തി നേടാൻ എന്റെ പ്രാർഥനകൾ.'- ചിരഞ്ജീവി കുറിച്ചു.

നേരത്തെ അല്ലു അർജുൻ 25 ലക്ഷം രൂപയും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരുന്നു. വയനാട്ടില്‍ സംഭവിച്ച ഉരുള്‍പൊട്ടലില്‍ താന്‍ അതീവ ദുഃഖിതനാണെന്ന് അല്ലു അര്‍ജുന്‍ എക്‌സില്‍ കുറിച്ചു. കേരളം എല്ലായ്പ്പോഴും തനിക്ക് ഒരുപാട് സ്നേഹം തന്നിട്ടുണ്ടെന്നും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായമാകാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന ചെയ്യുന്നു. ജനങ്ങളുടെ സുരക്ഷയ്ക്കുവേണ്ടി പ്രാര്‍ഥിക്കുന്നുവെന്നും അല്ലു അർജുൻ കൂട്ടിച്ചേര്‍ത്തു.

أحدث أقدم