നിശാ ക്ലബിന്റെ മറവിൽ പെൺവാണിഭം നടത്തിയെന്ന കേസിൽ ഗുണ്ടാനിയമ പ്രകാരം ജയിലിലടക്കപ്പെട്ട മലയാളിയെ കോടതി മുഖേന കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യാനും തെളിവെടുപ്പിനും ചെന്നൈ സിറ്റി പൊലീസ് നീക്കം. ജോലി വാഗ്ദാനം ചെയ്ത് ദുബൈയിലെത്തിച്ച് ലൈംഗിക തൊഴിലിലേക്ക് തള്ളിവിട്ടതായി ആരോപിച്ച് കുടുതൽ യുവതികൾ രംഗത്തെത്തിയ സാഹചര്യത്തിലാണ് നടപടി.
ദുബൈയിൽ നിശാ ക്ലബ് നടത്തുന്ന മലപ്പുറം സ്വദേശി മുസ്തഫ പുത്തൻകോടിനെ (56) കരിപ്പൂർ വിമാനത്താവളത്തിൽ തമിഴ്നാട് പൊലീസ് അറസ്റ്റുചെയ്ത് ചെന്നൈയിലേക്ക് കൊണ്ടുവരുകയായിരുന്നു. ദുബൈയിൽനിന്ന് രക്ഷപ്പെട്ട 22കാരി നർത്തകി ചെന്നൈ പൊലീസിൽ പരാതി നൽകിയതനുസരിച്ച് ഏജന്റുമാരായ ചെന്നൈ മടിപ്പാക്കം എം. പ്രകാശ് രാജ് (24), തെങ്കാശി കെ.ജയകുമാർ (40), ചെന്നൈ തുറൈപ്പാക്കം എ. ആഫിയ (24) എന്നിവർ മേയ് 30ന് അറസ്റ്റിലായിരുന്നു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മുസ്തഫ പിടിയിലായത്.