സ്‌കൂളിൽ നിസ്‌കാരസ്ഥലം വേണം; പൈങ്ങോട്ടൂർ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്‌കൂളിലും വിദ്യാർത്ഥിനികൾ രംഗത്ത്; ദുരൂഹമെന്ന് കോതമംഗലം രൂപത ജാഗ്രത സമിതി



കോതമംഗലം: കോതമംഗലം പൈങ്ങോട്ടൂർ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്‌കൂളിലും നിസ്‌കാരസ്ഥലം വേണമെന്ന് ആവശ്യപ്പെട്ട് രണ്ട് വിദ്യാർത്ഥിനികൾ രംഗത്തെത്തിയതിൽ ദുരൂഹതയെന്ന് കോതമംഗലം രൂപത ജാഗ്രത സമിതി. മൂവാറ്റുപുഴ നിർമല കോളജിൽ സമാനമായ ആവശ്യം വിവാദമാകുകയും വിദ്യാർത്ഥികൾക്കെതിരെ വലിയ വിമർശനം ഉയരുകയും ചെയ്തതിന് പിന്നാലെയാണ് കോതമംഗലം സ്‌കൂളിലെ രണ്ട് വിദ്യാർത്ഥിനികളും സമാനമായ ആവശ്യവുമായി രംഗത്ത് എത്തിയത്.

എന്നാൽ വിദ്യാലയങ്ങളിലെ അച്ചടക്കം നശിപ്പിക്കുന്ന യാതൊരു തരത്തിലുളള കടന്നുകയറ്റവും അംഗീകരിക്കാനാകില്ലെന്ന് കോതമംഗലം രൂപത ജാഗ്രത സമിതിയും കത്തോലിക്കാ കോൺഗ്രസും സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി. ക്രൈസ്തവ സഭകളടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മേൽ നിരന്തരം ഉയരുന്ന ഇത്തരം ഭീഷണികൾ മതേതര സമൂഹത്തിന് ചേർന്നതല്ലെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
സമൂഹത്തിൽ നിലനിൽക്കുന്ന മതസൗഹാർദ്ദവും സമാധാന അന്തരീക്ഷവും തകർക്കുന്ന നിലപാടുകളും അംഗീകരിക്കാനാകില്ലെന്ന് പ്രസ്താവനയിൽ പറയുന്നു. ഈ വിഷയത്തിൽ കത്തോലിക്കാ മാനേജ്‌മെന്റ് സ്‌കൂളുകളുടെ എക്കാലത്തെയും നിലപാട് നിയമാനുസൃതവും വ്യക്തവുമാണ്. മുസ്ലീം വിദ്യാർത്ഥികൾക്ക് കേരള വിദ്യാഭ്യാസ ചട്ടം അനുസരിച്ച് പൊതുവിദ്യാലയങ്ങളിൽ സർക്കാർ അനുവദിച്ചിട്ടുളള ആരാധനാ സമയം വെളളിയാഴ്ചകളിൽ ഉച്ചയ്‌ക്ക് രണ്ട് മണിക്കൂറാണ്. ഈ സൗകര്യം കുട്ടികൾക്ക് പ്രയോജനപ്പെടുത്താവുന്നതാണെന്നും പ്രസ്താവനയിൽ പറയുന്നു.

നിയമാനുസൃതമല്ലാത്ത മറ്റ് ക്രമീകരണങ്ങളും പതിവായി പുറത്തുപോകാൻ അനുവാദം നൽകുന്നതും സ്‌കൂളിന്റെ പൊതുസമയക്രമത്തെയും അച്ചടക്കത്തെയും കുട്ടികളുടെ സുരക്ഷയെയും ബാധിക്കുമെന്ന് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. മയക്കുമരുന്ന് മാഫിയയുടെ ഭീഷണി സംബന്ധിച്ച് പൊലീസ് മുന്നറിയിപ്പുകളും നിലനിൽക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ഇത്തരം ആവശ്യങ്ങൾ അംഗീകരിക്കാനാകില്ലെന്നും അധികൃതർ വ്യക്തമാക്കി.

ആവശ്യം ഉയർന്നതോടെ പരസ്യമായ മതാചാരങ്ങൾ ഇത്തരത്തിൽ അനുവദിക്കാനാകില്ലെന്ന് കുട്ടികളെയും മാതാപിതാക്കളെയും പ്രധാന അദ്ധ്യാപിക അറിയിച്ചിരുന്നു. എന്നാൽ തുടർന്നും വിദ്യാർത്ഥിനികൾ ഈ ആവശ്യം ഉന്നയിച്ചതോടെ മാതാപിതാക്കളെ നേരിട്ട് വിളിച്ച് മാനേജ്‌മെന്റ് നിലപാട് വ്യക്തമാക്കുകയായിരുന്നു.
أحدث أقدم