നടിയോട് ലൈംഗികാതിക്രമം കാണിച്ചെന്ന പരാതിയിൽ നടൻ ജയസൂര്യക്കെതിരെ പോലീസ് കേസെടുത്തു. തിരുവനന്തപുരം കന്റോൺമെന്റ് പോലീസാണ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം ജയസൂര്യക്കെതിരെ കേസെടുത്തത്. സെക്രട്ടേറിയറ്റിലെ സിനിമ ചിത്രീകരണത്തിനിടെ ശുചിമുറിയുടെ സമീപത്ത് വെച്ച് കടന്നുപിടിച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി
ഐപിസി 354, 354എ, 509 വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾക്കൊപ്പമാണ് ജാമ്യമില്ലാ വകുപ്പും ചുമത്തിയത്. കൊച്ചി സ്വദേശിയായ നടിയുടെ ഏഴ് പരാതികളിൽ രജിസ്റ്റർ ചെയ്ത ആദ്യ കേസാണിത്. നടിയുടെ മൊഴി ഇന്നലെ അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു.
അതേസമയം നടിയുടെ ലൈംഗിക പീഡനപരാതിയിൽ മുകേഷ് എംഎൽഎക്കെതിരെ പോലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കൊച്ചി മരട് പോലീസാണ് കേസെടുത്തത്. അമ്മയിൽ അംഗത്വവും സിനിമയിൽ ചാൻസും വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നാണ് നടിയുടെ പരാതി.
നടിയുടെ പരാതിയിൽ മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന ആവശ്യമുയരുന്നതിനിടെയാണ് കേസ്. മുകേഷിന് പുറമെ മണിയൻപിള്ള രാജു, ഇടവേള ബാബു, രണ്ട് പ്രൊഡക്ഷൻ കൺട്രോളർമാർ, ലോയേഴ്‌സ് കോൺഗ്രസ് നേതാവ് ചന്ദ്രശേഖരൻ എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്.