ആലപ്പുഴ കായലിന് നടുവില്‍ ഡെസ്റ്റിനേഷന്‍ വിവാഹം, വധു നെഹ്റുട്രോഫി വള്ളംകളിയുടെ ചരിത്രത്തിലെ ഏക വനിതാ ക്യാപ്ടന്‍




ആലപ്പുഴ: കായലിന് നടുവില്‍ ഡെസ്റ്റിനേഷന്‍ വിവാഹം. കേള്‍ക്കുമ്പോള്‍ അതിശയം തോന്നാം. കഴിഞ്ഞയാഴ്ച ആലപ്പുഴ കായലിന് നടുവില്‍ തുറന്ന വേദിയിലാണ് വധുവരന്മാര്‍ പരസ്പരം വരണമാല്യം ചാര്‍ത്തിയത്. നിരവധി വിവാഹങ്ങള്‍ ഇതിനു മുമ്പ് ഹൗസ്ബോട്ടുകളില്‍ നടന്നിട്ടുണ്ടെങ്കിലും കായലിനു നടുവില്‍ വച്ച് വരണമാല്യം ചാര്‍ത്തുന്നത് ആദ്യമാണ്.

വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ കൈനകരി വട്ടക്കായലിലാണ് വധൂവരന്മാര്‍ക്കായി കതിര്‍മണ്ഡപമൊരുങ്ങിയത്. വിവാഹത്തിന്റെ ചിത്രങ്ങള്‍ ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.

ഡിടിപിസിയുടെ കൈനകരി ഹൗസ്ബോട്ട് ടെര്‍മിനലിലെ പ്രത്യേകം തയ്യാറാക്കിയ ജങ്കാറില്‍ കേരളത്തിന്റെ പാരമ്പര്യ കലകളും നൃത്ത രൂപങ്ങളും കോര്‍ത്തിണക്കിയായിരുന്നു ചടങ്ങുകള്‍. നെഹ്‌റു ട്രോഫി വള്ളംകളി ചരിത്രത്തിലെ ഒരേ ഒരു വനിത ക്യാപ്റ്റന്‍ ആയ ഹരിത അനിലിന്റേത് ആയിരുന്നു വിവാഹം. ചാലക്കുടി സ്വദേശിയായ ഹരിനാഥാണ് വരന്‍. ഹരിതയുടെ അപേക്ഷയില്‍ ജില്ലാ കളക്ടറുടെ പ്രത്യേക അനുമതിയോടെയാണ് വിവാഹം നടന്നത്.
أحدث أقدم