'അവൾ അവിടെ ഇരിക്കട്ടെ': വൈക്കം എസ്എച്ച്ഒ എംഎല്‍എയെ അധിക്ഷേപിച്ചതായി പരാതി ആരോപണം നിഷേധിച്ച് എസ്എച്ച്ഒ


കോട്ടയം: വൈക്കം എസ്എച്ച്ഒക്കെതിരെ പരാതിയുമായി എംഎല്‍എ സി.കെ. ആശ. വൈക്കം പൊലീസ് സ്റ്റേഷന്‍റെ ചുമതലയുള്ള കെ.ജെ.തോമസിനെതിരെയാണ് പരാതി. എംഎല്‍എ പരാതി നിയമസഭാ സ്പീക്കർക്ക് നൽകി. സ്റ്റേഷനിലെത്തി 2 മണിക്കൂർ കാത്തിരിന്നിട്ടും എസ്എച്ച്ഒ കാണാൻ തയ്യാറായില്ലെന്നും അവൾ അവിടെ ഇരിക്കട്ടെ എന്ന് എസ്എച്ച്ഒ പറഞ്ഞെന്നും എംഎൽഎ പരാതിയിൽ പറയുന്നു. എസ്എച്ച്ഒക്കെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും മുഖ്യമന്ത്രിക്ക് പരാതി നൽകി.


കഴിഞ്ഞദിവസം, നഗരത്തില്‍ വഴിയോരത്തെ അനധികൃത കച്ചവടക്കാരെ ഒഴിപ്പിക്കാന്‍ എത്തിയ പൊലീസിനെ സിപിഐ, എഐടിയുസി പ്രവര്‍ത്തകര്‍ തടഞ്ഞതാണു സംഭവത്തിന്‍റെ തുടക്കം. പ്രതിഷേധക്കാരെ പൊലീസ് ബലംപ്രയോഗിച്ചു സ്റ്റേഷനിലെത്തിച്ചു. വിവരമറിഞ്ഞ് സ്റ്റേഷനിലെത്തിയ എംഎല്‍എ എസ്എച്ച്ഒയെ ഫോണില്‍ വിളിച്ച് സ്റ്റേഷനിലെത്താന്‍ ആവശ്യപ്പെട്ടു. എന്നാല്‍ രണ്ടരമണിക്കൂര്‍ കഴിഞ്ഞിട്ടും തോമസ് എത്തിയില്ല. 'അവള്‍ അവിടെ ഇരിക്കട്ടെ. എനിക്കിപ്പോള്‍ സൗകര്യമില്ല' എന്ന് സംഘര്‍ഷസ്ഥലത്തു നിന്ന് എസ്എച്ച്ഒ പറഞ്ഞതായി എംഎല്‍എ പ്രതികരിച്ചു. എംഎൽഎയുടെ അവകാശത്തിന് മേലുള്ള കടന്നുകയറ്റമാണ് എസ്എച്ച്ഒ നടത്തിയതെന്നും ഗവർണർക്കടക്കം വിഷയം ചൂണ്ടിക്കാട്ടി പരാതി നൽകുമെന്നും സി കെ ആശ പറഞ്ഞു.
أحدث أقدم