മുണ്ടക്കൈയിൽ റഡാര്‍ സിഗ്നല്‍ ലഭിച്ച സ്ഥലത്ത് രാത്രിയും ദൗത്യം തുടരാൻ നിര്‍ദേശം.തെരച്ചിൽ നിർത്തി സംഘം മടങ്ങാൻ ഒരുങ്ങുകയായിരുന്നു. ഇതിനിടയിലാണ്
മുണ്ടക്കൈ അങ്ങാടിയിൽ അത്യാധുനിക തെർമൽ ഇമേജ് റഡാർ (ഹ്യൂമൻ റെസ്‌ക്യൂ റഡാർ) ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് മണ്ണിനടിയിൽ നിന്ന് തുടര്‍ച്ചയായി ശ്വാസത്തിന്‍റെ സിഗ്നല്‍ ലഭിച്ചത്. മൂന്ന് മീറ്റര്‍ താഴ്ചയില്‍ നിന്നാണ് സിഗ്നല്‍ ലഭിച്ചത്. ഉദ്യോഗസ്ഥര്‍ സ്ഥലത്ത് സൂക്ഷ്മതയോടെ മണ്ണുമാറ്റി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല. കെട്ടിടാവശിഷ്ടങ്ങൾക്കും മൺകൂമ്പാരത്തിനുമടിയിൽ നിശ്ചിത താഴ്ചയിലും പരപ്പിലും ജീവനുള്ള മനുഷ്യരോ മൃഗങ്ങളോ ഉണ്ടെങ്കിൽ റഡാറിൽ സിഗ്നൽ കാണിക്കും എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
കെട്ടിടത്തിൽ ജീവനോടെ ആരെങ്കിലും ഉണ്ടാകുമെന്ന സംശയമുള്ളതിനാല്‍ സൂക്ഷമമായിട്ടാണ് രക്ഷാപ്രവര്‍ത്തനം. സുരക്ഷ കണക്കിലെടുത്ത് സ്ഥലത്ത് നിന്ന് ആളുകളെ അകലത്തേക്ക് മാറ്റിയിട്ടുണ്ട്. ദുരന്തത്തിൽ ഇതുവരെ 319 പേരാണ് മരിച്ചത്. ഇന്ന് നിലമ്പൂരില്‍ നിന്നും 5 മൃതദേഹങ്ങളും മേപ്പാടിയില്‍ നിന്ന് ആറ് മൃതദേഹങ്ങളുമാണ് കണ്ടെത്തിയത്. ദുരന്തത്തില്‍പ്പെട്ട മനുഷ്യരുടെ 12 ശരീരഭാഗങ്ങളും രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തിട്ടുണ്ട്. 133 മൃതദേഹങ്ങളാണ് ഇതുവരെ ബന്ധുക്കള്‍ തിരിച്ചറിഞ്ഞിട്ടുള്ളത്. 181 മൃതദേഹങ്ങളുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. ആശുപത്രികളിലെ ലിസ്റ്റുകളിലും മറ്റും തങ്ങളുടെ പ്രീയപ്പെട്ടവരുടെ പേരുണ്ടോ എന്ന് തിരയുന്ന വയനാട്ടിലെ മനുഷ്യര്‍ കേരളത്തിന്റെയാകെ നോവാകുകയാണ്.