യുഎഇയിൽ തൊഴിൽ നിയമം കർക്കശമാക്കി; വിസിറ്റ് വിസയിൽ ജോലി ചെയ്യിച്ചാൽ കനത്ത പിഴ




ദുബായ്: യുഎയിൽ വിസിറ്റ് വിസയിൽ വന്നവരെ ജോലിക്ക് നിയോഗിക്കുന്ന തൊഴിൽദാതാക്കൾക്ക് കനത്ത പിഴ ചുമത്തുമെന്ന് സർക്കാർ. വർക്ക് പെർമിറ്റ് ഇല്ലാതെ ജോലി ചെയ്യിക്കുക, സ്ഥിരം ജോലി നൽകാമെന്ന് വാഗ്‌ദാനം നൽകി ജോലി ചെയ്യിക്കുക, ജോലി നൽകാതെ യുഎയിലേക്ക് വിസിറ്റ് വിസയിൽ കൊണ്ടുവരുക എന്നീ നിയമ ലംഘനങ്ങൾക്ക് ഒരു ലക്ഷം ദിർഹം മുതൽ പത്തു ലക്ഷം ദിർഹം വരെയാണ് കമ്പനികൾക്ക് പിഴ ചുമത്തുക.

തൊഴിൽ നിയമം ഭേദഗതി ചെയ്താണ് പിഴത്തുക കൂട്ടിയത്. നേരത്തെ 50,000 ദിർഹം മുതൽ രണ്ട് ലക്ഷം ദിർഹം വരെയായിരുന്നു പിഴ. ചില സ്ഥാപനങ്ങൾ വിസിറ്റ് വിസയുടെ കാലാവധി കഴിഞ്ഞ് ജോലി നൽകാമെന്ന് വാഗ്‌ദാനം നൽകും. പലർക്കും ഇക്കാലയളവിൽ ജോലി ചെയ്യുന്നതിന് വേതനം പോലും കിട്ടാറില്ല. ഈ സാഹചര്യത്തിൽ ജോലി ചെയ്യുന്നവരുടെ അവകാശം സംരക്ഷിക്കുന്നതിന്‍റെ ഭാഗമായാണ് നിയമ ഭേദഗതിയെന്ന് നിയമ വിദഗ്ധർ പറയുന്നു.

വിസിറ്റ് - ടൂറിസ്റ്റ് വിസയിൽ ജോലി ചെയ്യുന്നത് നിയമവിരുദ്ധം.....
യുഎഇ തൊഴിൽ നിയമ പ്രകാരം വിസിറ്റ് വിസയിലോ ടൂറിസ്റ്റ് വിസയിലോ എത്തി ജോലി ചെയ്യുന്നത് നിയമവിരുദ്ധമാണ്. മാനവശേഷി സ്വദേശിവത്കരണ മന്ത്രാലയം അംഗീകരിച്ച ഓഫർ ലെറ്റർ ലഭിച്ചാൽ മാത്രമേ ഒരാൾക്ക് നിയമപരമായി ജോലിയിൽ പ്രവേശിക്കാൻ സാധിക്കൂ.

ടൂറിസ്റ്റ് വിസയിൽ വരുന്നവരെ ജോലിക്ക് നിയോഗിച്ച് സ്ഥിരം ജോലിയോ വേതനമോ നൽകാതെ കബളിപ്പിക്കുന്ന സംഭവങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് സർക്കാർ നിയമം കർശനമായി നടപ്പാക്കുന്നത്.


أحدث أقدم