തിരുവനന്തപുരം: നന്ദാവനം എആര്‍ ക്യാംപില്‍ പരസ്യമായി എസ്‌ഐമാര്‍ തമ്മില്‍ കൈയാങ്കളി. ഇന്നലെ ഉച്ചയ്ക്ക് ഭക്ഷണസമയത്ത് ഓഫീസേഴ്സ് ബാരക്കിലായിരുന്നു സംഭവം. ഷര്‍ട്ട് വലിച്ചുകീറിയും കഴുത്തിന് കുത്തിപ്പിടിച്ചും ഭക്ഷണപ്പൊതികള്‍ വലിച്ചെറിഞ്ഞും പരസ്പരം അസഭ്യം പറഞ്ഞുമായിരുന്നു ഏറ്റുമുട്ടല്‍. തിങ്കളാഴ്ച ഉച്ചയ്ക്ക് 2ഓടെ ഓഫീസേഴ്സ് ബാരക്കിലായിരുന്നു സംഭവം.
നിരവധി പൊലീസുകാര്‍ നോക്കിനില്‍ക്കുമ്പോഴായിരുന്നു എസ്‌ഐമാരുടെ ഏറ്റുമുട്ടല്‍. എആര്‍ ക്യാംപിനുള്ളിലെ ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട വിഷയങ്ങളായിരുന്നു കൈയാങ്കളിയിലേക്കെത്തിയത്. ഒരാള്‍ ഇപ്പോഴത്തെ ക്ഷേത്രഭാരവാഹിയും മറ്റേയാള്‍ മുന്‍ ഭാരവാഹിയുമാണ്.