ഓഗസ്റ്റ് 29 നാണ് കേസിന്റെ അടുത്ത വിചാരണ. അതുവരെ മുഖ്യമന്ത്രിക്കെതിരെ നടപടി എടുക്കരുതെന്നാണ് കർണാടക ഹൈക്കോടതി കഴിഞ്ഞ ദിവസം വിചാരണ കോടതിക്ക് നിർദേശം നല്‍കിയിരിക്കുന്നത്. കേസില്‍ സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണർ തവർചന്ദ് ഗെഹ്‌ലോട്ട് അനുമതി നല്‍കിയതിനെ തുടർന്നാണ് രാഷ്ട്രീയ പ്രതിസന്ധി രൂപപ്പെട്ടത്.
നിലവിലെ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിനുള്ളിലും പുതിയ നീക്കങ്ങള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. ഉപമുഖ്യമന്ത്രിയും കെ പി സി സി അധ്യക്ഷനുമായ ഡികെ ശിവകുമാർ ഒരു കാലത്ത് തന്റെ എതിരാളിയായിരുന്ന സതീഷ് ജാർക്കിഹോളിയുമായി തിങ്കളാഴ്ച 40 മിനിറ്റില്‍ അധികം സ്വകാര്യ കൂടിക്കാഴ്ച നടത്തിയെന്ന റിപ്പോർട്ടുകള്‍ പുറത്ത് വരുന്നതും ഈ പശ്ചാത്തലത്തിലാണ്.കെ പി സി സി അധ്യക്ഷനായി സതീഷ് ഉടൻ ചുമതലയേറ്റാക്കെന്നും അതുമായി ബന്ധപ്പെട്ടാണ് കൂടിക്കാഴ്ച നടന്നതെന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്.
ബെല്‍ഗാവി രാഷ്ട്രീയത്തിൻ്റെയും സഹകരണ ബാങ്കുകളുടെയും നിയന്ത്രണത്തെച്ചൊല്ലിയുമായിരുന്നു ഇരുവരും തമ്മില്‍ തർക്കം ഉടലെടുത്തത്. ഇവയടക്കമുള്ള മറ്റ് തർക്ക വിഷയങ്ങള്‍ നേരത്തെ പരിഹരിക്കപ്പെട്ടിട്ടുണ്ടെങ്കിലും കൂടുതല്‍ രമ്യതയില്‍ മുന്നോട്ട് പോകാനാണ് ഇരുനേതാക്കളും ശ്രമിക്കുന്നത്. ഇരു നേതാക്കളും നേരത്തെ പലതവണ കൂടിക്കാഴ്ച നടത്തിയെങ്കിലും ചൊവ്വാഴ്ചത്തെ കൂടിക്കാഴ്ച ഏറെ ശ്രദ്ധ നേടിയിട്ടുണ്ടെന്നാണ് സതീഷുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്.
ഏതെങ്കിലും സാഹചര്യത്തില്‍ മുഖ്യമന്ത്രിയെ മാറ്റേണ്ടി വന്നാല്‍ എ ഐ സി സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പാർട്ടി മുൻ അധ്യക്ഷൻ ജി പരമേശ്വര എന്നിവരുള്‍പ്പെടെവരും സാധ്യത പട്ടികയിലുണ്ടാകും. ഈ സാഹചര്യത്തില്‍ ശിവകുമാറിന് മുഖ്യമന്ത്രിയാകണമെങ്കില്‍ സതീഷിൻ്റെ പിന്തുണ നിർണായകമാണ്. കോണ്‍ഗ്രസിൻ്റെയും ബി ജെ പിയുടെയും 15-20 എംഎല്‍എമാരെ വരെ നിയന്ത്രിക്കാന്‍ സതീഷിന് ശേഷിയിണ്ടെന്നും നേതാക്കള്‍ വ്യക്തമാക്കുന്നു.