വിവാഹ സീസണിൽ സ്വർണ വില കുതിക്കുന്നുസ്വര്‍ണ വില വീണ്ടും കൂടുമെന്ന പ്രവചനങ്ങള്‍ ശക്തമായതോടെ സംസ്ഥാനത്തെ ജ്വല്ലറികളില്‍ തിരക്ക് കൂടുകയാണ്




കൊച്ചി: അമെരിക്കയിലെ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ കുറയ്ക്കാനൊരുങ്ങുന്നതും മധ്യ, പൂര്‍വേഷ്യയിലെ രാഷ്‌ട്രീയ സംഘര്‍ഷങ്ങളും സ്വര്‍ണ വിലയില്‍ വന്‍ കുതിപ്പുണ്ടാക്കി. ആഗോള വിപണിയുടെ ചുവടുപിടിച്ച് കേരളത്തില്‍ ശനിയാഴ്ച സ്വര്‍ണ വില പവന് 840 രൂപ ഉയര്‍ന്ന് 53,360 രൂപയിലെത്തി. ഗ്രാമിന്‍റെ വില 105 രൂപ വർധിച്ച് 6,670 രൂപയിലെത്തി

സ്വര്‍ണ വില വീണ്ടും കൂടുമെന്ന പ്രവചനങ്ങള്‍ ശക്തമായതോടെ സംസ്ഥാനത്തെ ജ്വല്ലറികളില്‍ തിരക്ക് കൂടുകയാണ്. ചിങ്ങ മാസം മുതല്‍ വിവാഹ സീസണ്‍ ആരംഭിച്ചതിനിടെ വിലയിലുണ്ടായ വന്‍ വർധന ഉപയോക്താക്കളെ വലയ്ക്കുകയാണ്. ചരക്ക്, സേവന നികുതിയും സെസും പണിക്കൂലിയുമടക്കം നിലവില്‍ സ്വര്‍ണം വാങ്ങുമ്പോള്‍ വില പവന് 58,000 രൂപയിലധികമാകും. ഇപ്പോഴത്തെ സാഹചര്യത്തില്‍ പവന്‍ വില വീണ്ടും 55,000 രൂപ കടക്കാനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ലെന്ന് ജ്വല്ലറി മേഖലയിലുള്ളവര്‍ പറയുന്നു.

അമെരിക്കയിലെ നാണയപ്പെരുപ്പം നിയന്ത്രണ വിധേയമായതോടെ ഫെഡറല്‍ റിസര്‍വ് മുഖ്യ പലിശ നിരക്കുകള്‍ കുത്തനെ കുറച്ചേക്കുമെന്ന വാര്‍ത്തകളാണ് വെള്ളിയാഴ്ച രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വിലയില്‍ റെക്കോഡ് കുതിപ്പുണ്ടാക്കിയത്. ഇതോടൊപ്പം പശ്ചിമേഷ്യയിലെയും യുക്രെയ്‌നിലെയും രാഷ്‌ട്രീയ സംഘര്‍ഷങ്ങള്‍ മൂര്‍ച്ഛിച്ചതും സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന്‍റെ പ്രിയം വർധിപ്പിച്ചു. രാജ്യാന്തര വിപണിയില്‍ ഇതോടെ സ്വര്‍ണ വില ചരിത്രത്തിലാദ്യമായി ഔണ്‍സിന് 2,518 ഡോളര്‍ വരെ ഉയര്‍ന്നു.
അമെരിക്കയില്‍ പലിശ കുറയുമ്പോള്‍ കടപ്പത്രങ്ങള്‍, ഡോളര്‍ എന്നിവയുടെ മൂല്യം കുറയുമെന്നതിനാലാണ് നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് മാറിയത്.
കഴിഞ്ഞ മാസം ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതിനെ തുടര്‍ന്ന് സ്വര്‍ണ വില പവന് ഒരവസരത്തില്‍ 50,400 രൂപ വരെ താഴ്ന്നിരുന്നു. ഇതിനുശേഷം ഇതുവരെ പവന്‍ വിലയില്‍ 2,960 രൂപയുടെ വർധനയുണ്ടായി.
ആഗോള രാഷ്‌ട്രീയ സാഹചര്യങ്ങളും അമെരിക്കയിലെ സാമ്പത്തിക ഉണര്‍വിനായി പലിശ കുറയ്ക്കാനുള്ള സാധ്യതകളും ഇന്ത്യയില്‍ സ്വര്‍ണ വില വീണ്ടും കൂടാനിടയാക്കുമെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്‍റ്സ് അസോസിയേഷന്‍ സംസ്ഥാന ട്രഷറര്‍ അഡ്വ. എസ്. അബ്ദുൾ നാസര്‍ പറയുന്നു.
أحدث أقدم