എറണാകുളത്ത് ലിഫ്റ്റ് തകർന്ന് ചുമട്ടു തൊഴിലാളി മരിച്ചു. എറണാകുളം ഉണിച്ചിറ ജിയോജിത് ബിൽഡിംഗിലെ ലിഫ്റ്റിൻ്റെ വയർ പൊട്ടിയായിരുന്നു അപകടം സംഭവിച്ചത്. ഉണിച്ചിറയിലെ സിഐടിയു പ്രവർത്തകൻ കൂടിയായ നസീർ (42) ആണ് മരിച്ചത്. അപകടം സംഭവിച്ച് ഉടൻ തന്നെ നസീറിനെ തൃക്കാക്കരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ജിയോജിത്ത് ബിൽഡിംഗിൽ പ്രവർത്തിച്ചു വരുന്ന പ്രോകണക്ട് ഇന്റഗ്രേറ്റഡ് ലോജിസ്റ്റിക്സ് എന്ന സ്ഥാപനത്തിൻ്റെ വെയർഹൗസ് ഗോഡൗണിൽ ഐടി പ്രോഡക്ട് സാധനങ്ങൾ കയറ്റാൻ എത്തിയതായിരുന്നു നസീറും സഹപ്രവർത്തകരും.
സർവ്വീസ് ലിഫ്റ്റിൽ സാധനങ്ങൾ കയറ്റി മുകളിലെ നിലയിലേക്ക് അയച്ച ശേഷം, ലിഫ്റ്റിൻ്റെ താഴെ ഉണ്ടായിരുന്ന മരത്തിന്റെ സ്റ്റാൻഡ് മാറ്റാനായി പോയതായിരുന്നു നസീർ . ഈ സമയത്ത് ലിഫ്റ്റിൻ്റെ വയർ റോപ്പ് പൊട്ടി ലിഫ്റ്റ് വേഗത്തിൽ താഴേക്ക് പതിക്കുകയായിരുന്നു. നസീർ ഈ ലിഫ്റ്റിൻ്റെ അടിയിൽ പെട്ടു.. മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.