കല്പറ്റ: മേപ്പാടി ഗവ.ഹയര്‍സെക്കണ്ടറി സ്‌ക്കൂളിലെ ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തനം അവസാനിക്കുന്ന തോടെ ക്ലാസുകള്‍ പുനരാരംഭിക്കുമെന്ന് വിദ്യാഭ്യാസം വകുപ്പ് മന്ത്രി വി ശിവന്‍ കുട്ടി. 20 ദിവസത്തിനകം ക്ലാസുകള്‍ ആരംഭിക്കും. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം വിദ്യാര്‍ത്ഥികളുടെ ക്ലാസുകള്‍ മുടങ്ങാതിരിക്കാന്‍ അടിയന്തര നടപടികള്‍ കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു. വയനാട് ജില്ലാ ആസൂത്രണ സമിതി ഭവനിലെ എപിജെ ഹാളില്‍ ദുരന്തബാധിത മേഖലയിലെ ജനപ്രതിനിധികള്‍, അധ്യാപകര്‍, പി ടി എ പ്രതിനിധികള്‍, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുമായി യോഗത്തിൽ പങ്കെടുത്ത ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വെള്ളാര്‍മല ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌ക്കൂളിലേയും മുണ്ടക്കൈ ഗവ. ജി എല്‍ പി സ്‌ക്കൂളിലേയും അടിസ്ഥാന സൗകര്യങ്ങളുടെ എസ്റ്റിമേറ്റ് വിലയിരുത്തുന്നതിന് നോഡല്‍ ഓഫീസറായി വിദ്യാഭ്യാസ ഉപഡയറക്ടറെ ചുമതലപ്പെടുത്തി. മേല്‍നോട്ട ചുമതല പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്കും നല്‍കിയിട്ടുണ്ട്. സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് വയനാട്ടില്‍ പ്രത്യേക ക്യാമ്പ് സംഘടിപ്പിച്ച് സര്‍ട്ടിഫിക്കറ്റുകള്‍ നേരിട്ട് വിതരണം ചെയ്യും. കുട്ടികള്‍ക്ക് ഗതാഗത സൗകര്യം ഒരുക്കുന്നതിന് കെ എസ് ആര്‍ ടി സിയുമായി ചര്‍ച്ച നടത്തും. ആവശ്യമെങ്കില്‍ ബദല്‍ സംവിധാനം തയ്യാറാക്കും. ഉച്ചഭക്ഷണം ലഭ്യമാക്കുന്നതിന് അധിക സൗകര്യമുണ്ടാക്കും. കൈറ്റ് കമ്പ്യൂട്ടറുകള്‍ ലഭ്യമാക്കും. ക്യാമ്പിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കുമെന്നും മന്ത്രി പറഞ്ഞു.
സമഗ്ര പുനരധിവാസത്തിന്റെ ഭാഗമായി ടൗണ്‍ഷിപ്പ് രൂപപ്പെടുമ്പോള്‍ വെള്ളാര്‍മല സ്‌കൂള്‍ അതേ പേരില്‍ തന്നെ പുന നിര്‍മ്മിക്കണമെന്നാണ് ഉദ്ദേശിക്കുന്നത്. മുണ്ടക്കൈ ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍ പുനനിര്‍മ്മിക്കുന്നതിന് നടൻ മോഹന്‍ലാല്‍ മൂന്നു കോടി രൂപ വാഗ്ദാനം ചെയ്തിട്ടുണ്ട്. പുന നിര്‍മാണത്തിന് പൊതുവിദ്യാഭ്യാസ വകുപ്പ് പ്ലാന്‍ ഫണ്ടില്‍ നിന്നും തുക വിനിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു.
സെപ്തംബര്‍ രണ്ട് മുതല്‍ 12 വരെ നടക്കുന്ന ഒന്നാം പാദ പരീക്ഷ വെള്ളാര്‍മല, മുണ്ടക്കൈ സ്‌കൂളുകളില്‍ മാറ്റിവെച്ചു. പിന്നീട് നടത്തും. മറ്റേതെങ്കിലും വിദ്യാലയത്തില്‍ പരീക്ഷ മാറ്റിവെക്കേണ്ടതുണ്ടെങ്കില്‍ പൊതുവിദ്യാഭ്യാസ ഉപഡയറക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കും. സ്‌കൂളുകള്‍ക്കാവശ്യമായ ഫര്‍ണിച്ചറുകള്‍ ലഭ്യമാക്കും. പാഠപുസ്തകങ്ങളും പഠനോപകരണങ്ങളും സ്‌കൂള്‍ ബാഗും നഷ്ടപ്പെട്ട കുട്ടികള്‍ക്ക് എല്ലാം ഉള്‍പ്പെടുന്ന സ്‌ക്കൂള്‍ കിറ്റ് നല്‍കും. ക്യാമ്പ് പ്രവര്‍ത്തിക്കുന്ന വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചു.