യൂത്ത് ലീഗിന്‍റെ ഭക്ഷണ വിതരണം തടഞ്ഞതില്‍ ഡി.ഐ.ജിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി



മേപ്പാടി: യൂത്ത് ലീഗ് വൈറ്റ് ഗാർഡ് പ്രവർത്തകരുടെ ഭക്ഷണ വിതരണം തടഞ്ഞ സംഭവത്തിൽ ഡി.ഐ.ജിക്കെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി. ഡി.ഐ.ജി തോംസൺ ജോസിനെതിരെയാണ് പരാതി. മനുഷ്യാവകാശ പ്രവർത്തകരായ നൗഷാദ് തെക്കയിൽ, ഷെരീഫ് മലയമ്മ, നിയാസ് കാരപ്പറമ്പ് എന്നിവരാണ് പരാതി നൽകിയത്.

ഡി.ഐ.ജി തോംസൺ ജോസ് സഭ്യമല്ലാത്ത രീതിയിലാണ് സംസാരിച്ചതെന്ന് വൈറ്റ്​ ഗാർഡ്സ് പ്രവർത്തകർ ആരോപിച്ചിരുന്നു. ഉരുൾപൊട്ടൽ ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിലുൾപ്പെടെ പങ്കാളികളായവർക്ക് സൗജന്യമായി ഭക്ഷണം വിളമ്പിയവരാണ് മുസ്‌ലിം യൂത്ത് ലീ​ഗ് വൈറ്റ്​ഗാർഡ്സ്. എന്നാൽ ഇവരോട് നിങ്ങളുടെ സേവനം ഇനി ആവശ്യമില്ലെന്നും നിങ്ങളുടെ ഭക്ഷണം ഇവിടെ കിട്ടിയില്ലെങ്കിൽ ഞങ്ങൾക്ക് ഒരു പുല്ലുമില്ല എന്നതരത്തിലാണ് ഡി.ഐ.ജി സംസാരിച്ചതെന്ന് വൈറ്റ്​ഗാർഡ്സ് പ്രവർത്തകർ പറഞ്ഞിരുന്നു. ഇവിടെ സന്നദ്ധസേവനത്തിന് വരുന്നവരൊക്കെ വടിയുംകുത്തി നോക്കി നിൽക്കാനാണ് വരുന്നതെന്നും ഡി.ഐ.ജി ആധിക്ഷേപിച്ച് സംസാരിച്ചതായി ഇവർ ആരോപിച്ചിരുന്നു.
أحدث أقدم