സമ്മര്‍ദം താങ്ങാന്‍ കഴിയാത്തതിനാല്‍ കുറച്ച് ദിവസത്തേയ്ക്ക് ഫെയ്‌സ്ബുക്ക് ഉപേക്ഷിക്കുന്നുവെന്ന് ബംഗാളി നടി ശ്രീലേഖ മിത്ര. സംവിധായകൻ രഞ്ജിത്തിനെതിരെ ലൈംഗികാതിക്രമ ആരോപണമുന്നയിച്ച ശേഷമുള്ള സമ്മർദ്ദം താങ്ങാനാകുന്നില്ലെന്നാണ് നടി വ്യക്തമാക്കിയത്. ഇക്കാര്യം വിവരിച്ചുകൊണ്ടുള്ള കുറിപ്പും ശ്രീലേഖ മിത്ര ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്. ഇപ്പോഴുള്ള സമ്മർദം താങ്ങാൻ പറ്റുന്നില്ലെന്നും തത്കാലം ഫേസ്ബുക്ക് ഉപേക്ഷിക്കുകയാണെന്നും തന്നെ ബന്ധപ്പെടാൻ ശ്രമിക്കരുത് എന്നും അവർ കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
വിവാദങ്ങള്‍ക്കൊടുവില്‍ രഞ്ജിത്തിന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവെക്കേണ്ടിവന്നിരുന്നു. നിലപാടില്‍ ഉറച്ചു നിന്ന നടി പിന്നീട് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ ശ്യാം സുന്ദറിന് പരാതി നല്‍കുകയായിരുന്നു. ഇ-മെയില്‍ വഴിയാണ് നടി പരാതി നല്‍കിയത്. പരാതിയില്‍ എഫ്‌ഐആര്‍ ഫയല്‍ ചെയ്തു.