മലപ്പുറത്ത് മോഷണത്തിനായി എടിഎം കൗണ്ടറിനുള്ളില്‍ കയറി പാസ്ബുക്ക് പ്രിന്റര്‍ മെഷീനും കാഷ് ഡെപ്പോസിറ്റ് മെഷീനും പൊളിച്ച പ്രതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടി പൊലീസ്.അതിഥിത്തൊഴിലാളിയായ യുപി അലഹാബാദിലെ ബരേത്ത് പുരോഗബായ് സ്വദേശി ജിതേന്ദ്ര ബിന്ദ് (33) ആണ് അറസ്റ്റിലായത്.
ഇന്നലെ പുലര്‍ച്ചെയാണ് ഇയാള്‍ തിരൂര്‍ താഴേപ്പാലത്തുള്ള എസ്ബിഐ ബാങ്കിനോടു ചേര്‍ന്നുള്ള എടിഎം കൗണ്ടറില്‍ കയറിയത്. എടിഎം ആണെന്നു കരുതി, കയ്യിലുണ്ടായിരുന്ന ഇരുമ്പുപാര ഉപയോഗിച്ചു പാസ്ബുക്ക് പ്രിന്റര്‍ മെഷീന്‍ പൊളിച്ചു. ഇതില്‍ പണം കാണാതെ വന്നതോടെ അടുത്തുണ്ടായിരുന്ന കാഷ് ഡെപ്പോസിറ്റ് മെഷീനും പൊളിച്ചു. എന്നാല്‍, ഇതു പൂര്‍ണമായി പൊളിക്കാന്‍ സാധിക്കാതെ വന്നതോടെ പ്രതി കടന്നുകളയുകയായിരുന്നു.സിസിടിവിയില്‍ നിന്നു മോഷണശ്രമം മനസ്സിലാക്കിയ ബാങ്ക് അധികൃതര്‍ വിവരം ഉടന്‍ പൊലീസിനെ അറിയിച്ചു. സിസിടിവിയില്‍ നിന്ന് ആളെ മനസ്സിലാക്കിയ ശേഷം അന്വേഷണം തുടങ്ങിയ പൊലീസ് താഴേപ്പാലത്തു കറങ്ങി നടക്കുകയായിരുന്ന പ്രതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടുകയായിരുന്നു.