ധാക്ക: ബംഗ്ലാദേശിലെ ഭരണവിരുദ്ധ പ്രക്ഷോഭങ്ങൾക്കിടെ ന്യൂനപക്ഷമായ ഹിന്ദുക്കളുടെ ആരാധനാലയങ്ങൾക്ക് കാവലിരുന്ന് മുസ്‌ലിംകൾ. ഓൾഡ് ധാക്കയിലെ ധാകേശ്വരി ക്ഷേത്രത്തിൽ രാത്രി വൈകിയും കാവലിരിക്കുന്ന വിദ്യാർത്ഥികളുടെ ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടി. ന്യൂനപക്ഷ വിഭാഗങ്ങൾക്ക് സംരക്ഷണം ഒരുക്കണമെന്ന ആഹ്വാനവും പള്ളികളിൽനിന്ന് മുഴങ്ങി.
കിഴക്കൻ ബംഗ്ലാദേശിലെ കുമിലയിലെയും ചിറ്റഗോങ്ങിലെ ചകരിയ ഉപസിലയിലെയും ഹൈന്ദവ ക്ഷേത്രങ്ങളിൽ കാവൽ നിൽക്കുന്ന മുസ്ലിംകളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ചക്കരിയയിൽ വിദ്യാർത്ഥി സംഘടനയായ ഛത്രി ശിബിരത്തിൻറെ നേതൃത്വത്തിലായിരുന്നു സംരക്ഷണം. ബിരുദങ്ങൾ ഉൾപ്പെടെയുള്ളവർ കാവൽ സംഘത്തിലുണ്ടായിരുന്നു. സമരരംഗത്തുള്ള വിദ്യാർത്ഥി സംഘടന ആൻ്റി ഡിസ്‌ക്രിമിനേഷൻ സ്റ്റുഡൻ്റ്‌സ് മൂവ്‌മെൻ്റാണ് സമാധാനം കാത്തുസൂക്ഷിക്കാൻ ആവശ്യപ്പെട്ട് പള്ളികളിലെ ഉച്ചഭാഷിണികൾ വഴി ആഹ്വാനം ചെയ്തത്.