ആയിരക്കണക്കിന് മനുഷ്യരെ ഒറ്റ രാത്രികൊണ്ട് കാണാതായി; നിഗൂഢ രഹസ്യം നിറഞ്ഞ ഗ്രാമം


 
സഞ്ചാരികളെ ഭയപ്പെടുത്തുന്നതും നിഗൂഢ കഥകൾ നിറഞ്ഞതുമായ നിരവധിയിടങ്ങളുണ്ട് ഭൂമിയിൽ. അങ്ങനയൊരിടമാണ് ജയ്സാല്‍മീര്‍ നഗരത്തില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ചരിത്രപ്രധാന ഗ്രാമമായ കുല്‍ധാര. സൂര്യനസ്തമിച്ചു കഴിഞ്ഞാൽ നാട്ടുകാർ പോലും പോകാൻ പേടിക്കുന്ന ഈ സ്ഥലം, രാജസ്ഥാനിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. പ്രേതഗ്രാമമായി കുൽധാര അറിയപ്പെടുന്നതിന് കാരണം നിഗൂഢമായ കഥകളും അന്ധവിശ്വാസങ്ങളുമാണ്. ഒരു രാത്രി ഇരുട്ടിവെളുത്തപ്പോൾ ആയിരത്തിലേറെ മനുഷ്യരെ കാണാതായ കഥയാണ് ഈ ഗ്രാമത്തിന് പറയാനുള്ളത്. അവർ എവിടേക്ക് പോയെന്നോ അവർക്ക് എന്ത് സംഭവിച്ചെന്നോ ഇന്നും ആർക്കും അറിയാത്ത രഹസ്യമായി അവശേഷിക്കുന്നു. ഇന്ത്യയിൽ ടൂറിസം മാപ്പിൽ ഈ പ്രദേശവും ഉൾപ്പെട്ടിട്ടുണ്ടെങ്കിലും ഇന്ന് കുൽധാര ഒരു സംരക്ഷിത സ്മാരകമാണ്. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയാണ് ഇവിടം പരിപാലിക്കുന്നത്. ടിക്കറ്റെടുത്ത് നമുക്ക് ഗ്രാമത്തിലേക്ക് പ്രവേശിക്കാം. നിരവധിപേർ ഈ സ്ഥലം സന്ദർശിക്കാനായി ഇവിടെ എത്താറുണ്ടെങ്കിലും സൂര്യാസ്തമയത്തിനു ശേഷവും സൂര്യോദയത്തിനു മുൻപായും ഇവിടെ സന്ദർശിക്കുന്നത് കർശനമായി നിരോധിച്ചിരിക്കുകയാണ്


 നിരനിരയായി മൺ വീടുകൾ, ഒന്നിനും മേൽക്കുരയില്ല. തകർന്ന ചുവരുകൾ ഏതോ സങ്കടകരമായ ഭൂതകാലത്തിന്റെ അസ്ഥികൂടങ്ങൾ പോലെ ഇൗ ഗ്രാമത്തിലുണ്ട്. ആകെ ഭയപ്പെടുത്തുന്ന അന്തരീക്ഷമാണ്. 200 വര്‍ഷത്തില്‍ അധികം പഴക്കമുള്ള മണ്ണ് കൊണ്ട് നിര്‍മിച്ച കുടിലുകള്‍ ഇവിടെയുണ്ട്. വിനോദസഞ്ചാരികൾക്ക് ഗ്രാമത്തിനുള്ളിലെ ആഴമേറിയതും പടികളുള്ളതുമായ നിരവധി കിണറുകൾ സന്ദർശിക്കാം. ഗ്രാമത്തിലെ ഒന്നിലധികം കിണറുകളുടെ സാന്നിധ്യം ഒരു കൂട്ടം താമസക്കാർക്ക് ഒരു കിണർ ഉണ്ടെന്ന തോന്നൽ നൽകും. ഓരോ കിണറിനും ചുറ്റും നിരവധി ദൈവങ്ങളുടെ ശിൽപങ്ങൾ കൊത്തിവച്ചിരിക്കുന്ന തൂണുകളുണ്ട്. അതിൽ തിരിച്ചറിയാവുന്ന ശിൽപങ്ങളിലൊന്ന് ഗണപതിയുടേതാണ്. ഈ തൂണുകളുടെ പ്രാധാന്യം അറിയില്ലെങ്കിലും, അവ ആ സ്ഥലത്തിന്റെ നിഗൂഢത വർദ്ധിപ്പിക്കുന്നു. ഈ കിണറുകളിലേക്ക് ഇറങ്ങാനാവില്ലെങ്കിലും ഇരുട്ടിലേക്ക് നയിക്കുന്ന ഗോവണിപ്പടികൾ ‍കണ്ടാൽ അത് എത്ര ആഴത്തിലാണ് പോകുന്നതെന്ന് കാണാൻ കഴിയും.
 പലിവാലി ബ്രാഹ്‌മണ വിഭാഗത്തിൽപെട്ട ആയിരത്തിലേറെ ആളുകളെ രാവിലെ കാണ്മാനില്ല. വീടുകൾ ഒഴിച്ച് മൃഗങ്ങളും സർവവസ്തുക്കളും കാണുന്നില്ല. ആറു നൂറ്റാണ്ടിലേറെ ഗ്രാമത്തിന്റെ സന്തോഷവും സങ്കടങ്ങളുമെല്ലാം ഒരുമിച്ചു പങ്കിട്ട ഒരു പറ്റം ജനങ്ങൾ എവിടെപ്പോയെന്നു ആർക്കും ഒരു സൂചന പോലും ഇതുവരെ ലഭിച്ചിട്ടില്ല. കുല്‍ധാര സന്ദർശിക്കുന്ന ആർക്കും ഇന്നും ഭയാനകമായ കാഴ്ചകളാണ് അനുഭവപ്പെടുന്നത്. ഏകദേശം 300 വർഷങ്ങൾക്ക് മുമ്പ്, ജയ്സാൽമീർ സംസ്ഥാനത്തിന് കീഴിലുള്ള പലിവാലി സമ്പന്ന ബ്രാഹ്മണരുടെ ഗ്രാമമായിരുന്നു. ഐതിഹ്യമനുസരിച്ച്, സംസ്ഥാനത്തിന്റെ പ്രധാനമന്ത്രി സലിം സിംഗിന് ഗ്രാമത്തലവന്റെ മകളെ വിവാഹം കഴിക്കണമെന്ന ആഗ്രഹമുണ്ടാകുന്നു. തന്റെ ആഗ്രഹം പാലിച്ചില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് അദ്ദേഹം ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ പ്രധാനമന്ത്രിയുടെ കൽപ്പനയ്ക്ക് കീഴടങ്ങുന്നതിനു പകരം, 83 ഗ്രാമങ്ങളിലെ ആളുകൾ അവരുടെ ഭവനങ്ങൾ ഉപേക്ഷിച്ച് അപ്രത്യക്ഷരാവുകയാണുണ്ടായത്. പോകുന്നതിന് മുമ്പ്, പിന്നീട് ആർക്കും തങ്ങളുടെ ഗ്രാമത്തിൽ താമസിക്കാൻ കഴിയില്ലെന്ന് അവർ കുൽധാരയെ ശപിച്ചു. ഇത്രയും വലിയ ഒരു കൂട്ടം ആളുകൾക്ക് എന്ത് സംഭവിച്ചു എന്നതിന്റെ ദുരൂഹത ഇന്നും പരിഹരിക്കപ്പെടാതെ കിടക്കുന്നു. എന്നാൽ കുൽധാരയിൽ സംഭവിച്ചതിനെപ്പറ്റി ആധികാരിമായി ആർക്കും ഒന്നും പറഞ്ഞുതരാനാവില്ല. കുൽധാരയിലെ ആളൊഴിഞ്ഞതും ഇടുങ്ങിയതും പുരാതനവുമായ തെരുവുകൾ ഐതിഹ്യങ്ങളുടെയും ഭയപ്പെടുത്തുന്ന നാടോടിക്കഥകളുടെയും പ്രേതങ്ങളുടെയും അസാധാരണ പ്രവർത്തനങ്ങളുടെയും കഥകളുടെ ഉറവിടമാണ്. തിരക്കേറിയ വിനോദ സഞ്ചാരകേന്ദ്രമായിട്ടു പോലും സൂര്യനസ്തമിച്ചാൽ ആർക്കും ഗ്രാമത്തിനകത്തേക്ക് പ്രവേശനം അനുവദിക്കുന്നില്ല. കാരണം ഇരുട്ടുവീണാൽ ഇവിടെ അസാധാരണമായ പലതും സംഭവിക്കുന്നുണ്ടത്രേ. ഇവിടെ താമസിച്ചിരുന്നവരുടെ അതൃപ്തിയുള്ള ആത്മാക്കൾ ഇപ്പോഴും ഗ്രാമത്തിലെമ്പാടും വിഹരിക്കുന്നുണ്ടെന്ന് ചിലർ പറയുമ്പോൾ, ഭൂമിക്കടിയിൽ സ്വർണ നിധി കുഴിച്ചിട്ടിട്ടുണ്ടെന്നും സന്ദർശകരെ സ്ഥലത്ത് നിന്ന് അകറ്റാൻ പ്രേത കഥകൾ നാട്ടുകാർ പ്രചരിപ്പിക്കുന്നുവെന്നുമൊക്കെയുള്ള പിന്നാമ്പുറ കഥകൾ പ്രചരിക്കുന്നുണ്ട്. മറ്റു ചിലർ പറയുന്നത് വെള്ളത്തിന്റെ ദൗർലഭ്യമോ ഭൂകമ്പമോ ആവാം ഇത്രയും മനുഷ്യരെ ഒരുമിച്ച് ഭൂമിയിൽ നിന്നും തുടച്ചുനീക്കിയതെന്നാണ്


.
أحدث أقدم