സൗദിയിൽ കനത്ത മഴയും കാറ്റും ശനിയാഴ്ച വരെ തുടരും; ജാഗ്രതാ നിർദേശവുമായി സിവിൽ ഡിഫൻസ്


  റിയാദ്* : സൗദി അറേബ്യയിൽ ഏതാനും ദിവസങ്ങളായി തുടരുന്ന കനത്ത മഴയ്ക്ക് ശമനമായില്ല. ശനിയാഴ്ച വരെ കാറ്റും മഴയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ രീതിയിൽ തുടരുമെന്ന് സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റ് അറിയിച്ചു. കാറ്റിനും മഴയ്ക്കുമൊപ്പം ഇടിമിന്നലിനും ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ട്. വരും ദിവസങ്ങളിൽ മഴ കനക്കുന്നതോടെ വെള്ളപ്പൊക്കത്തിനും പ്രളയത്തിനുമുള്ള സാധ്യതകൾ കൂടുതലാണെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

സുരക്ഷിതമായ സ്ഥലങ്ങളിൽ തുടരാനും തോടുകൾ, വാദികൾ, അരുവികൾ പോലെയുള്ള ഇടങ്ങളിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കാനും അധികൃതർ നിർദ്ദേശിച്ചു. കാലാവസ്ഥാ പ്രവചനങ്ങളുമായി ബന്ധപ്പെട്ട് സർക്കാർ പുറത്തിറക്കുന്ന ബുള്ളറ്റിനുകളും സോഷ്യൽ മീഡിയ പോസ്റ്റുകളും ശ്രദ്ധയോടെ പിന്തുടരാനും സുരക്ഷാ മുന്നറിയിപ്പുകൾ കൃത്യമായി പാലിക്കാനും അധികൃതർ എല്ലാവരോടും അഭ്യർഥിച്ചു.

മക്ക, മദീന ഉൾപ്പെടെയുള്ള പുണ്യ നഗരങ്ങളിലും ശക്തമായ മഴയാണ് അടുത്ത ഏതാനും ദിവസങ്ങളിലേക്ക് കാലാവസ്ഥാ നിരീക്ഷകർ പ്രവചിച്ചിരിക്കുന്നത്. മക്കയെ സംബന്ധിച്ചിടത്തോളം, മിതമായതോ കനത്തതോ ആയ മഴ പെയ്യുമെന്ന് അധികൃതർ അറിയിച്ചു. ശക്തമായ കാറ്റും ഉണ്ടാകുമെന്നതിനാൽ പൊടിപടലങ്ങൾ ഉയരാനും വാഹനമോടിക്കുന്നവർക്ക് കാഴ്ചാപരിധി കുറയാനും ഇടവരുത്തും.
ഇടിമിന്നലും ആലിപ്പഴ വർഷവും ഉണ്ടാവാനുള്ള സാധ്യതയും അധികൃതർ പ്രവചിച്ചിട്ടുണ്ട്. മക്കയ്ക്കു പുറമെ, ജമൂം, ബഹ്റ, തായിഫ് തുടങ്ങിയ പ്രദേശങ്ങളിലും കടുത്ത കാലാവസ്ഥയാണ് പ്രതീക്ഷിക്കുന്നത്. ഇതിനു പുറമെ, ജിദ്ദ, റാബിഗ്, ഖാലിസ് തുടങ്ങിയ നഗരങ്ങളിലും നേരിയ തോതിലുള്ള മഴ ലഭിക്കുമെന്നാണ് പ്രവചനം.

റിയാദിലെ അഫീഫ്, ദവാദ്മി, അൽ ഖുവയ്യ എന്നിവയുൾപ്പെടെയുള്ള പ്രദേശങ്ങളിൽ പൊടി നിറഞ്ഞ കാറ്റിനൊപ്പം നേരിയതോ മിതമായതോ ആയ മഴയ്ക്ക് താമസക്കാർ തയ്യാരാകാൻ അധികൃതർ നിർദേശിച്ചു. ഷഖ്‌റ, അൽ ഘട്ട് തുടങ്ങിയ പ്രദേശങ്ങളിലും നേരിയ മഴ ലഭിക്കും. മദീന, അൽ ബഹ, അസീർ, ജിസാൻ, നജ്റാൻ എന്നീ പ്രദേശങ്ങളിൽ മിതമായതും കനത്തതുമായ മഴയാണ് പ്രവചിച്ചിരിക്കുന്നത്. അതേസമയം, ഖാസിം, ഷർഖിയ എന്നിവിടങ്ങളിൽ നേരിയ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സൗദിയിലെ ജിസാൻ മേഖലയിലാണ് ഏറ്റവും കൂടുതൽ മഴ പെയ്തത്. ഇവിടെ പെയ്ത മഴ കഴിഞ്ഞ 80 വർഷത്തിനിടയിൽ ഓഗസ്റ്റിൽ പെയ്ത ഏറ്റവും ശക്തമായ മഴയാണെന്നാണ് കാലാവസ്ഥ നിരീക്ഷകനും വിദഗ്ധനുമായ അലി മഷ്ഹൂർ അഭിപ്രായപ്പെട്ടത്. ഈർപ്പമുള്ള വായു പിണ്ഡം കൊണ്ടുവരുന്ന ന്യൂനമർദപ്പാത്തി ഈ സീസണിൽ അറേബ്യൻ പെനിൻസുലയ്ക്ക് മുകളിലൂടെ അസാധാരണമായ തോതിൽ അകത്തേക്ക് നീങ്ങിയതായി അറബ് കാലാവസ്ഥാ കേന്ദ്രത്തിലെ വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഇത് യുഎഇ, ഒമാൻ, യെമൻ എന്നിവിടങ്ങളിലുടനീളമുള്ള മരുഭൂമികളിലും പർവതങ്ങളിലും ശക്തമായ ഇടിമിന്നലിനും വെള്ളപ്പൊക്കത്തിനും കാരണമായേക്കാമെന്നും കാലാവസ്ഥാ നിരീക്ഷകർ പറയുന്നു.

أحدث أقدم