അനധികൃതമായി സംഘടിപ്പിച്ച എന്‍സിസി ക്യാമ്പിനിടെ പെണ്‍കുട്ടികള്‍ക്കുനേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിലെ മുഖ്യപ്രതിയായ ശിവരാമന്‍ മരിച്ച നിലയില്‍. കസ്റ്റഡിയിൽ കഴിയവേ പ്രതി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ജയിലിൽ വിഷം കഴിച്ച നിലയിൽ കണ്ടെത്തിയ ശിവരാമനെ സേലം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയിലുള്ള ബര്‍ഗുറിലെ സ്വകാര്യ സ്‌കൂളിലായിരുന്നു സംഭവം. സ്വകാര്യ മാനേജ്‌മെന്റ് സ്കൂളുകൾ കേന്ദ്രീകരിച്ച് എൻ സി സി പരിശീലനം നൽകാനെത്തിയായിരുന്നു പ്രതികൾ കുട്ടികളെ പീഡിപ്പിച്ചത്. പ്രത്യേക സംഘത്തെ നിയോഗിച്ച് തമിഴ്‌നാട് സർക്കാർ കേസന്വേഷണം തുടരുന്നതിനിടയിലാണ് പ്രതികളിൽ ഒരാളുടെ മരണം. നാം തമിളർ കക്ഷിയുടെ മുൻ ഭാരവാഹിയാണ് ശിവരാമൻ സംഭവം മറച്ചുവെക്കാന്‍ ശ്രമം നടത്തിയെന്ന കണ്ടെത്തലിനെ തുടർന്ന് സ്‌കൂളിലെ അധ്യാപകരും പ്രിന്‍സിപ്പലും അടക്കമുള്ളവരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.