ബെയ്‌ലി പാലം തുറന്നു; വാഹനങ്ങൾ കടത്തിവിട്ടു; ഇനി അതിവേഗ രക്ഷാപ്രവർത്തനം



 
വയനാട്ടിലെ ദുരന്തഭൂമിയിൽ രക്ഷാപ്രവർത്തനം ഊർജിതമാക്കാനായി സൈന്യം സജ്ജീകരിച്ച ബെയ്‌ലി പാലം തുറന്നുകൊടുത്തു. വാഹനങ്ങൾ കടത്തിവിട്ടു തുടങ്ങി. ഇതോടെ മണ്ണും ചെളിയും മാറ്റിയുള്ള രക്ഷാപ്രവർത്തനത്തിനായി കൂടുതൽ ഉപകരണങ്ങൾ മുണ്ടക്കൈയിലേക്ക് ഇനി വേഗത്തിൽ എത്തിക്കാനാകും. മുണ്ടക്കൈയിലേക്കുള്ള പ്രവേശന മാർഗമായ ഏകപാലം ഉരുൾപൊട്ടലിൽ തകർന്നിരുന്നു

.
 സൈന്യം നിർമിച്ച താത്കാലിക പാലത്തിലൂടെയും വടം കെട്ടിയുമാണ് ഇതുവരെ ദുരന്തഭൂമിയിലേക്ക് രക്ഷാപ്രവർത്തകർ എത്തിയതും കുടുങ്ങിക്കിടക്കുന്നവരെ പുറത്തേക്കെത്തിച്ചതും. ഹിറ്റാച്ചിയടക്കമുള്ള യന്ത്രസംവിധാനങ്ങൾ പുഴയിലൂടെ ഇറക്കിയാണ് ദുരന്തമേഖലയിൽ എത്തിച്ചത്. ഉരുൾ പൊട്ടലിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് മണ്ണ് മാറ്റി പരിശോധിക്കേണ്ടതുണ്ട്. ഈ കൂടുതൽ വലിയ വാഹനങ്ങളും യന്ത്രസാമഗ്രികളും ദുരന്തഭൂമിയിലേക്ക് എത്തിക്കണം. കൂടുതൽ യന്ത്രങ്ങൾ ചൂരൽമലയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ചൂരൽമലയിൽ നിന്ന് മുണ്ടക്കെയിലേക്ക് ബെയ്‌ലി പാലത്തിൻ്റെ നിർമ്മാണം പൂർത്തിയായതോടെ ഇത്തരം പ്രവർത്തനങ്ങൾക്ക് വേഗം കൂടും. 

 24 ടൺ ശേഷിയാണ് പാലത്തിനുള്ളത്. 190 അടി നീളവുമുണ്ട്. പുഴയിൽ പ്ലാറ്റ്ഫോം നിർമ്മിച്ചതാണ് പാലത്തിൻ്റെ തൂൺ സ്ഥാപിച്ചിരിക്കുന്നത്. ജെസിബിയും ഹിറ്റാച്ചിയും ആംബുലൻസുമെല്ലാം പോകാൻ ശേഷിയുള്ള കരുത്തുള്ള പാലമാണിത്. കണ്ണൂർ പ്രതിരോധ സുരക്ഷാസേനയിലെ ക്യാപ്റ്റൻ പുരൻ സിംഗ് ആണ് നിർമ്മാണ പ്രവർത്തനം ഏകോപിപ്പിച്ചത്. പ്രധാന പാലത്തിന് സമാന്തരമായി മറ്റൊരു പാലം കൂടി നിർമ്മിക്കാനുള്ള ഒരുക്കങ്ങളും പുരോഗമിക്കുന്നു. പ്രധാനപാലം വഴിയുള്ള വാഹന നീക്കങ്ങൾക്ക് തടസ്സം നേരിടാതെ രക്ഷാപ്രവർത്തകർ നടന്നു പോകാൻ സഹായകമാകുന്ന നിലയിലാണ് ചെറിയ പാലം നിർമിക്കുന്നതെന്നാണ് വിവരം. 



أحدث أقدم