ഇംഫാൽ: മണിപ്പൂരിലെ ജിരിബാമിൽ വീണ്ടും സംഘർഷം. വെടിവെപ്പുണ്ടാവുകയും ഉപേക്ഷിക്കപ്പെട്ട വീടിന് തീയിടുകയും ചെയ്തു. ലാൽപാനി ഗ്രാമത്തിലെ വീടിനാണ് ആയുധങ്ങളുമായെത്തിയ ആൾക്കൂട്ടം തീവെച്ചത്. ജില്ലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ മെയ്തേയി, ഹമർ വിഭാഗങ്ങൾ കരാറിൽ ഒപ്പുവെച്ചതിന് പിന്നാലെയാണ് സംഘർഷമുണ്ടായിരിക്കുന്നത്.
ആക്രമണം നടത്തിയതെന്ന് ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്നും കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
ആയുധങ്ങളുമായെത്തിയവർ നിരവധി തവണ ഗ്രാമത്തിന് നേരെ വെടിയുതിർത്തുവെന്നാണ് റിപ്പോർട്ട്. വെടിവെപ്പുണ്ടായ ഉടൻ സുരക്ഷാസേന സംഭവസ്ഥലത്തേക്ക് എത്തി.
അസമിലെ സി.ആർ.പി.എഫ് കേന്ദ്രത്തിൽ നടന്ന ചർച്ചകൾക്കൊടുവിൽ മെയ്തേയി ഹമർ കമ്യൂണിറ്റികൾ കഴിഞ്ഞ ദിവസം ജില്ലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി കരാറിൽ ഒപ്പിട്ടിരുന്നു. ജിരിബാം ജില്ലാ ഭരണകൂടത്തിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. താഡോ, പായ്റ്റെ, മിസോ കമ്യൂണിറ്റികളുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തിരുന്നു.
മണിപ്പൂരിൽ ഇംഫാൽ താഴ്വരയിൽ കുക്കി-മെയ്തേയ് സംഘർഷത്തിൽ ഇതുവരെ 200ലേറെ പേർ കൊല്ലപ്പെട്ടിരുന്നു. നിരവധി പേർ സംഘർഷങ്ങളെ തുടർന്ന് പലായനം ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ, വിവിധ സമുദായങ്ങൾ കഴിയുന്ന ജിരിബാമിൽ സംഘർഷം താരതമ്യേന കുറവായിരുന്നു.