മഞ്ഞൾപൊടിയുടെ ലേബലുള്ള 10 പാക്കറ്റുകളുമായി പിടിയിലായ യുവതിയെ പരിശോധിച്ചപ്പോൾ കണ്ടെത്തിയതാവട്ടെ പാക്കറ്റുകളിലെല്ലാം കഞ്ചാവ്. തെലങ്കാനയുടെ തലസ്ഥാനമായ ഹൈദരാബാദിലാണ് എക്സൈസ് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ യുവതിയെ പിടികൂടിയത്. തിരിച്ചറിയാതിരിക്കാനും സംശയം തോന്നാതിരിക്കാനുമാണ് ഇത്തരമൊരു വിദ്യ പ്രയോഗിച്ചതെന്ന് യുവതി ചോദ്യം ചെയ്യലിൽ സമ്മതിച്ചു.
നേഹ ബായി എന്ന സ്ത്രീയാണ് അറസ്റ്റിലായതെന്ന് എക്സൈസ് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നുണ്ട്. മഞ്ഞൾ പൊടിയുടെ പാക്കറ്റിലടച്ച കഞ്ചാവ് ശേഖരം കണ്ടെടുത്തതിന് പിന്നാലെ ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി എക്സൈസൈ എൻഫോഴ്സ്മെന്റ് ഡെപ്യൂട്ടി സൂപ്രണ്ട് തിരുപതി യാദവ്, എസ്.ഐ നാഗരാജ് എന്നിവർ അറിയിച്ചു. പരിശോധനയ്ക്ക് നേതൃത്വം നൽകിയവരെ ഉന്നത ഉദ്യോഗസ്ഥർ അനുമോദിച്ചു. പിടികൂടാൻ ശ്രമിക്കവെ യുവതി ഉദ്യോഗസ്ഥരുടെ അടുത്ത് നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തു. ഹൈദരാബാദിലെ ദൂൽപ്പെട്ട് മേഖലയിലായിരുന്നു ഇത്തരത്തിൽ മഞ്ഞൾ പൊടി പാക്കറ്റുകളിലെ കഞ്ചാവ് വിൽപന നടത്തിയതെന്ന് യുവതി ചോദ്യം ചെയ്യലിനിടെ ഉദ്യോഗസ്ഥരോട് വിശദീകരിച്ചിട്ടുണ്ട്. ഹൈദരാബാദിൽ നേരത്തെ ലഹരി വസ്തുക്കൾ നിറച്ച ചോക്ലലേറ്റുകൾ വിൽക്കുന്നതായും പരിശോധനയിൽ കണ്ടെത്തിയിരുന്നു.